
തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്. ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്. ഗാനരചയിതാവും ഗായകനും പ്രതികളാണ്. പാട്ട് പെരുമാറ്റച്ചട്ടലംഘനമെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
തിരുവാഭരണ പാതാ സംരക്ഷണ സമിതി ജന. സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. നിയമോപദേശം തേടിയെടുത്ത കേസിൽ പ്രതിപ്പട്ടികയിൽ നാല് പേരുകളാണുള്ളത്. ഗാനരചയിതാവ് കുഞ്ഞബ്ദുളള, പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവർ. ചേർത്തത് രണ്ട് വകുപ്പുകളാണ്. മതസ്പർധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും. അയ്യപ്പഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്നും എഫ്ആറിലുണ്ട്.
സൈബർ പൊലീസ് എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തിറങ്ങിയ പാട്ട്, ഫലം വന്ന ശേഷം യുഡിഎഫ് നേതാക്കൾ ഏറ്റുപാടിയതോടെയാണ് വൈറലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സിപിഎമ്മും പാട്ടിനെതിരെ പരാതി നൽകാൻ തീരുമാനിച്ചു. ധ്രുവീകരണമുണ്ടാക്കി വോട്ടുപിടിക്കാൻ പാട്ടിലൂടെ ശ്രമം നടന്നെന്നും ചട്ടലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടും.
തിരുവാഭരണ പാതാ സംരക്ഷണ സമിതി ജന. സെക്രട്ടറിയുടെ പരാതിയെ പാർട്ടി പിന്തുണച്ചിരുന്നു. പിന്നാലെ സമിതി ചെയർമാനായ ഹിന്ദു ഐക്യ വേദി ജില്ലാ അധ്യക്ഷൻ പരാതിയെ തളളി രംഗത്തെത്തി. സിപിഎം വികാരത്തെ കളിയാക്കുകയാണ് കോൺഗ്രസ്. പാരഡിയിൽ പൊളളുന്നതെന്തിനെന്ന് ചോദ്യം. സ്വർണക്കൊളള തെരഞ്ഞെടുപ്പിൽ ഏശിയില്ലെന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് അത് വിഷയമായ പാരഡി ഗാനത്തിനെതിരെ സിപിഎം നീക്കം. കേസായതോടെ കൂടുതൽ പ്രചാരം നൽകി പ്രതിരോധിക്കാനാണ് യുഡിഎഫ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam