
പാറ്റ്ന: തേജസ്വി യാദവിൻ്റെ നേതൃത്വത്തിൽ മഹാസഖ്യം ഉയർത്തിയ കനത്ത വെല്ലുവിളിയെ നേരിട്ടാണ് ദേശീയ ജനാധിപത്യ മുന്നണി ബിഹാർ തെരഞ്ഞെടുപ്പിൽ നിലവിൽ ലീഡ് ചെയ്യുന്നത്. അന്തിമ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോൾ ലീഡുനില അനുസരിച്ച് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ബിജെപിയും ആർജെഡിയുമാണ്. കനത്ത നഷ്ടം നേരിടുന്നത് ജെഡിയുവും കോണ്ഗ്രസും..
ബിഹാറിൽ അധികാരം നിലനിർത്താൻ സാധിച്ചാലും രണ്ട് പതിറ്റാണ്ടിലധികമായി ബീഹാർ രാഷ്ട്രീയത്തിലുണ്ടായിരുന്ന അപ്രമാദിത്വമാണ് നിതീഷ് കുമാറിന് നഷ്ടമാവുന്നത്. ജനരോഷം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട നിതീഷ്കുമാറിനെ രക്ഷിക്കാൻ ഒടുവിൽ പ്രധാനമന്ത്രിയെ മുന്നിൽ നിര്‍ത്തിയുള്ള പ്രചാരണമാണ് ബിജെപി നടത്തിയത്. എൻഡിഎ അന്തിമഫലത്തിൽ ജയിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയാലും ബി.ജെ.പിക്ക് കീഴിലെ മുഖ്യമന്ത്രിയായി നിതീഷിന് ഇനി തുടരേണ്ടിവരും.
ഇതു തൻ്റെ അവസാന തെരഞ്ഞെടുപ്പാണ് എന്നു വരെ പറഞ്ഞ് അവസാന തന്ത്രവും പുറത്തെടുത്താണ് നിതീഷ് കുമാർ ഈ തെരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചത്. തന്ത്രവും പരിപാടിയും ഇല്ലാതെ പ്രചരണത്തിൽ നിതീഷ് വിയര്‍ത്തു. കൂടെയുള്ള ബിജെപിയും ആദ്യം അകൽച്ച കാണിച്ചു.
എൻഡിഎ ചേരിയിൽ നിന്ന ചിരാഗ് പാസ്വാൻ ഏറ്റവും വലിയ വിമർശകനായി. ഒടുവിൽ വിജയത്തിലേക്കെത്താൻ നരേന്ദ്ര മോദിയെ തന്നെ മുന്നിൽ നിര്‍ത്തേണ്ടിവന്നു. പുൽവാമയും ജമ്മുകശ്മീരിന്‍റെ 370 അനുഛേദം റദ്ദാക്കിയതുമൊക്കെ മോദിയും ബിജെപിയും ബിഹാറിൽ പ്രധാന പ്രചരണ വിഷയമാക്കി.
ബീഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ എന്ന മെക്കാനിക്കൽ എഞ്ചിനീയർ ഒരു അത്ഭുതമായിരുന്നു. രണ്ടു ശതമാനം മാത്രമുള്ള തൻറെ സമുദായത്തിൻറെ വോട്ടുകൾക്കൊപ്പം പല വിഭാഗങ്ങളെയും കൂട്ടിയിണക്കിയുള്ള സാമൂഹ്യ എഞ്ചിനീയറിംഗിൽ നിതീഷിനെ വെല്ലാൻ ആരുമില്ലായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയക്കാറ്റ് ബീഹാറിൽ നിന്ന് വീശിയപ്പോൾ അതിനൊപ്പം ചേർന്നാണ് നിതീഷ് ശ്രദ്ധേയനാകുന്നത്.
അന്ന് ഒപ്പമുണ്ടായിരുന്ന ശരദ് യാദവ്, ലാലുപ്രസാദ് യാവ്, രാംവിലാസ് പസ്വാൻ തുടങ്ങിയവർക്കൊപ്പം മണ്ഡൽ രാഷ്ട്രീയത്തിലൂടെ നിതീഷും ദേശീയരംഗത്തേക്കുയർന്നു. എ.ബി.വാജ്പേയിക്കൊപ്പം റെയിൽമന്ത്രിയായിരിക്കെ ഒരപകടത്തിനു ശേഷം രാജിവച്ച് ധാർമ്മികപ്രതിച്ഛായ കൂട്ടി.
കേന്ദ്ര റെയിൽവേമന്ത്രി പദത്തിനു ശേഷം ബീഹാറിൽ നിതീഷ് മുഖ്യമന്ത്രിയായി. കുടുംബരാഷ്ട്രീയത്തോടുള്ള രോഷത്തിൻറെ പ്രതീകമായ നിതീഷ് കുടുംബത്തെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തി. ബിഹാറിൽ എൻ.ഡി.എ അധികാരം നിലനിര്‍ത്തുമ്പോഴും 15 കൊല്ലത്തോളം ബീഹാറിൻറെ അമരത്ത് ഇരുന്ന നിതീഷിൻറെ പതനംകൂടിയാണ്
ഇപ്പോൾ തുടങ്ങുന്നത്.
ശ്രദ്ധയോടെ വളർത്തിയെടുത്ത സാമൂഹ്യ അടിത്തറ ചോരുന്നതാണ് നിതീഷിന് പറ്റിയ ഏറ്റവും വലിയ അബദ്ധം. ബി.ജെ.പിക്കൊപ്പം എന്നത് മാറി ബി.ജെ.പിക്ക് കീഴിലെ മുഖ്യമന്ത്രിയായി നിതീഷിന് തുടരേണ്ടിവരും. തൽക്കാലം അങ്ങനെ തുടരാനേ സാധിക്കു. എൻ.ഡി.എ വിട്ടുള്ള പുതിയ തന്ത്രങ്ങൾക്ക് നിതീഷ് തൽക്കാലം ശ്രമിച്ചേക്കില്ല. പക്ഷേ ഒന്നിനും സ്ഥിരതയില്ലാത്ത ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam