ബിജെപിക്ക് വൻ തിരിച്ചടി, ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ എഎപി-കോൺഗ്രസ് സഖ്യം വിജയിച്ചെന്ന് സുപ്രീംകോടതി

Published : Feb 20, 2024, 05:13 PM ISTUpdated : Feb 20, 2024, 05:20 PM IST
ബിജെപിക്ക് വൻ തിരിച്ചടി, ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ എഎപി-കോൺഗ്രസ് സഖ്യം വിജയിച്ചെന്ന് സുപ്രീംകോടതി

Synopsis

ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.  

ദില്ലി : ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. മേയർ തെരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി റദ്ദാക്കി. എഎപി -കോൺഗ്രസ് സഖ്യം വിജയിച്ചതായും എഎപിയുടെ കുൽദീപ് കുമാർ മേയർ ആകുമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി, കോടതിയെ തെറ്റിധരിക്കാൻ കളളം പറഞ്ഞ ബിജെപി നേതാവായ വരണാധികാരി അനിൽ മസിക്കെതിരെ നടപടിക്കും നിർദ്ദേശിച്ചു. ബാലറ്റുകൾ വികലമായിരുന്നില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബാലറ്റ് കുത്തിവരച്ച് വികൃതമാക്കിയ വാരാണാധികാരിയുടേത് കുറ്റകരമായ പെരുമാറ്റമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ചണ്ഡിഗഢിൽ നടന്ന മേയർ തെരഞ്ഞെടുപ്പിലെ നാടകീയ നീക്കങ്ങൾക്കെതിരെ സുപ്രീംകോടതി കടുത്ത വിമർശനമാണ് ഉയർത്തിയത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് കൃത്യമായി നിലപാടെടുത്തു.  ഇത്തരം വിഷയങ്ങളിൽ  കോടതി കർശനമായ ഇടപെടൽ നടത്തുമെന്നും കോടതി വ്യക്തമാക്കി. 

നഗരസഭയിൽ ആംആദ്മി പാർട്ടി -കോൺഗ്രസ് സഖ്യത്തിന് ഇരുപത് അംഗങ്ങളുണ്ട്. ബിജെപിക്ക് കിരൺഖേറിന്റെയും അകാലിദളിൻറെ ഒരംഗത്തിൻെയും വോട്ടു കൂടി ചേർക്കുമ്പോൾ 16 പേരുടെ പിന്തുണയാണുള്ളത്. എന്നാൽ എട്ട് കൗൺസിലർമാരുടെ വോട്ട് അസാധുവാക്കിയാണ് ബിജെപി മേയർ സ്ഥാനം ജനുവരി മുപ്പതിന് പിടിച്ചെടുത്തത്. വരണാധികാരിയായ ബിജെപി നോമിനേറ്റഡ് കൗൺസിലർ അനിൽ മസിഹ് ബാലറ്റുകളിൽ വരച്ച് വികൃതമാക്കി ഇത് അസാധുവാക്കിയതിൻറെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന് മുമ്പാകെ ഇന്നലെ ഹാജരായ അനിൽ വസിഹ് ബാലറ്റുകളിൽ താൻ ഗുണന ചിഹ്നമിട്ടു എന്ന് സമ്മതിച്ചു. അസാധുവായ ബാലറ്റുകൾ തിരിച്ചറിയാൻ ഇത് ചെയ്തെന്നായിരുന്നു വാദം. എന്നാൽ ഈ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 

കേസിൽ വാദം കേൾക്കുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം ബിജെപി മേയർ മനോജ് സോൻകർ രാജിവച്ചിരുന്നു. എന്നാൽ ആംആദ്മി പാർട്ടിയുടെ മൂന്ന് കൗൺസിലർമാരെ കാലുമാറ്റി ബിജെപി നഗരസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കി. ഇപ്പോൾ കാണുന്ന കുതിരകച്ചവടം അത്യന്തം ആശങ്കാജനകമെന്നും ചീഫ് ജസ്റ്റിസ് ഇന്നലെ കേസ് പരിഗണിക്കവേ വാക്കാൽ നിരീക്ഷിച്ചു.  

ബിജെപി നടത്തിയത് വൃത്തികെട്ട തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും  സുപ്രീംകോടതി ജനാധിപത്യത്തെ രക്ഷിച്ചുവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ചണ്ഡീഗഡിലേത് മോദി-അമിത് ഷാ ഗൂഢാലോചനയുടെ മഞ്ഞ്മലയുടെ അറ്റം മാത്രമാണിത്. 2024 ലോക്സഭ തെര‍ഞ്ഞെടുപ്പ് നി‍ർണായകമെന്നും മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു.  

PREV
Read more Articles on
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ