
ദില്ലി: ഉയർന്ന അളവിൽ ബാക്ടീരിയ സാന്നിധ്യമുള്ളതിനാൽ ബിഹാറിലെ പല സ്ഥലങ്ങളിലും ഗംഗാ നദിയിലെ വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായി 2024-25 ലെ ബീഹാർ സാമ്പത്തിക സർവേ റിപ്പോർട്ട്. മഹാ കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും അമിതമായ കോളിഫോം ബാക്ടീരിയയുടെ അളവ് കാരണം ജലത്തിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞെന്നും കുളിയ്ക്കാൻ യോഗ്യമല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) കണ്ടെത്തിയതിന് പിന്നാലെയാണ് ബിഹാറിലെ റിപ്പോർട്ട് പുറത്തുവന്നത്.
ഗംഗയിലെ ജലത്തിൽ കോളിഫോം അടക്കമുള്ള ബാക്ടീരിയ സാന്നിധ്യം ഉയർന്നതാണ്. ഗംഗയുടെയും അതിന്റെ പോഷകനദികളുടെയും തീരത്തുള്ള നഗരങ്ങളിൽ നിന്നുള്ള മലിനജലം/ഗാർഹിക മാലിന്യ ജലം പുറന്തള്ളുന്നതാണ് ഇതിന് പ്രധാന കാരണമെന്നും ബീഹാർ സാമ്പത്തിക സർവേ റിപ്പോർട്ട് പറയുന്നു.
അതേസമയം, പിഎച്ച് മൂല്യം, ഓക്സിജൻ, ബയോ-കെമിക്കൽ ഓക്സിജൻ ഡിമാൻഡ് (ബിഒഡി) എന്നിവ ബിഹാറിലെ നദിയിലും അതിന്റെ പോഷകനദികളിലും നിശ്ചിത പരിധിക്കുള്ളിലാണെന്നും ജലജീവികൾക്കും വന്യജീവി വ്യാപനത്തിനും മത്സ്യബന്ധനത്തിനും ജലസേചനത്തിനും അനുയോജ്യമാണെന്നും ബിഎസ്പിസിബി ചെയർമാൻ ഡി കെ ശുക്ല പിടിഐ യോട് പറഞ്ഞു.
മനുഷ്യ-മൃഗ മലമൂത്ര വിസർജ്ജന കോളിഫോം ബാക്ടീരിയകൾ കാണപ്പെടുന്നു. ഇത് ജലത്തെ മലിനമാക്കുന്നു. അളവ് കൂടുന്തോറും വെള്ളത്തിൽ രോഗകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കൂടും. സിപിസിബി മാനദണ്ഡങ്ങൾ അനുസരിച്ച് കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലിയിൽ 2,500 എംപിഎൻ ആണ്.
Read More... 2 മാസത്തിനുള്ളിൽ നഷ്ടപ്പെട്ടത് 7 കോടി; സമ്പന്ന സിംഹാസനം വിട്ട് നൽകാതെ ഇലോൺ മസ്‌ക്
ബക്സർ, ചപ്ര (സരൺ), ദിഗ്വാര, സോണെപൂർ, മാനേർ, ദാനാപൂർ, പട്ന, ഫാതുഹ, ഭക്തിയാർപൂർ, ബർഹ്, മൊകാമ, ബെഗുസാരായ്, ഖഗരിയ, ലഖിസാരായ്, മണിഹരി, മുൻഗർ, ജമാൽപൂർ, സുൽത്താൻഗഞ്ച്, ഭഗൽപൂർ, കഹൽഗാവ് എന്നിവ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങളിലെ ജലത്തിന്റെ ഗുണനിലവാരവും മോശമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam