
ബെംഗളൂരു: കർണാടകയിലെ വിജയനഗരയിൽ വാട്സാപ്പ് ഗ്രൂപ്പ് വഴി 12കാരിയെ വിൽപനയ്ക്ക് വച്ച സെക്സ് മാഫിയാ സംഘം പിടിയിൽ. ഋതുമതിയായ ഉടൻ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മാനസിക രോഗം ഇല്ലാതാക്കുമെന്ന് പ്രചരിപ്പിച്ചാണ് കുഞ്ഞിനെ വിൽപനയ്ക്ക് വച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഒരു സന്നദ്ധ സംഘടന നടത്തിയ ഇടപെടലിന് പിന്നാലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് ഹോമിലേക്ക് മാറ്റി.
ആറാം ക്ലാസുകാരിയായ കുഞ്ഞിനെ വാട്ട്സാപ്പ് ഗ്രൂപ്പിൽ വിൽപനയ്ക്ക് വച്ച സംഘത്തിലെ രണ്ടുപേരാണ് മൈസൂരുവിൽ പിടിയിലായത്. ബെംഗളൂരു സ്വദേശി ശോഭ, പങ്കാളി തുളസീകുമാർ എന്നിവരെ വിജയനഗര പൊലീസാണ് മൈസൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്. ഋതുമതിയായ കുഞ്ഞുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മാനസിക രോഗങ്ങൾക്ക് ശമനമുണ്ടാക്കും എന്ന അന്ധവിശ്വാസം പരത്തി കുഞ്ഞിനെ വിൽപനയ്ക്ക് വയ്ക്കുകയായിരുന്നു ഇവർ.
20 ലക്ഷം രൂപ വില നിശ്ചയിച്ച് വാട്ട്സാപ്പ് ഗ്രൂപ്പ് വഴി പ്രചാരണം നടത്തുന്നത് ഒരു സന്നദ്ധ സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടതാണ് വഴിത്തിരിവായത്. കുഞ്ഞിന്റെ വിഡിയോ ദൃശ്യങ്ങളും സംഘം പങ്കുവച്ചിരുന്നു. ഇടപാടുകാർ എന്ന വ്യാജേന സംഘത്തിലെ ശോഭയുമായി ബന്ധപ്പെട്ട വിജയനഗരയിലെ സന്നദ്ധ സംഘടന ഓടാനടി സേവ സമസ്ത കുഞ്ഞുമായി മൈസൂരുവിലെത്താൻ ആവശ്യപ്പെട്ടു. പറഞ്ഞപ്രകാരം മൈസൂരുവിലെത്തിയ ശോഭയുമായി NGO അംഗങ്ങൾ വിലപേശൽ നടത്തുന്നതിനിടെ വളഞ്ഞ പൊലീസ് ഇവരെ പിടികൂടി.
ഈ സമയം അൽപം മാറി നിൽക്കുകയായിരുന്നു തുളസീകുമാർ. ഇയാളെയും വിജയനഗര പൊലീസ് പിടികൂടിയിട്ടുണ്ട്. തുളസീകുമാർ തന്റെ ഭർത്താവാണെന്നാണ് ശോഭ പൊലീസിനോട് പറഞ്ഞത്. പന്ത്രണ്ടുകാരി തന്റെ മകളാണെന്നും. പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ മരുമകളെന്ന് മാറ്റിപ്പറഞ്ഞ ശോഭ പിന്നീട് കുഞ്ഞിനെ ദത്തെടുത്തതാണെന്ന് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുഞ്ഞ് എങ്ങനെ ഇവരുടെ പക്കലെത്തി എന്നാണ് അന്വേഷിക്കുന്നത്. വലിയ ഒരു മാഫിയയുടെ കണ്ണികളാണോ ശോഭയും തുളസീകുമാറും എന്ന സംശയവും പൊലീസിനുണ്ട്. കൂടുതൽ കുഞ്ഞുങ്ങളെ സംഘം ഇത്തരത്തിൽ വിൽപനയ്ക്ക് വച്ചിരുന്നോ എന്നും പരിശോധിക്കുകയാണ്. ശോഭയേയും തുളസീകുമാറിനെയും ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ചൈൽഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.