
ഗുവാഹതി: അസാമിലെ തിന്‍സുകിയ ജില്ലയില്‍ തുടര്‍ച്ചയായി ആധ്യാപകന്‍റെ ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. 14 വയസ് പ്രായമുള്ള ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. വിദ്യാര്‍ത്ഥിനി എഴുതിയ നാല് പേജോളം വരുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതാണ് ആത്മഹത്യ ചെയ്യാന്‍ കാരണം എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. രണ്ടാമത്തെ ആത്മഹത്യ ശ്രമത്തിലാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. സംഭവം അസമില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കാന്‍ സ്കൂളിലെ മറ്റ് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് ശ്രമിച്ചതായും വിദ്യാര്‍ത്ഥിനിയുടെ കുറിപ്പില്‍ പറയുന്നുണ്ട്. മെയ് 26-ാം തീയതി സോഫ്റ്റ് ഡ്രിംഗില്‍ ഉറക്ക ഗുളിക കലര്‍ത്തി അധ്യാപകന്‍ വിദ്യാര്‍ത്ഥിനിക്ക് നല്‍കിയതായും ആരോപണമുണ്ട്. സ്കൂള്‍ സമയം അവസാനിച്ചതിന് ശേഷമായിരുന്നു ഇത്.
ജൂലൈ 3 നാണ് പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജൂലൈ 6 ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. നിലവില്‍ ആരോപണ വിധേയനായ അധ്യാപകനെ പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.