
ബെംഗളൂരു: എൻഡിഎ സ്ഥാനാർഥിയും ചെറുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസിൽ ആദ്യമായി പ്രതികരിച്ച് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും ദേവഗൗഡ പറഞ്ഞു. പ്രജ്വലിനെതിരെ ആരോപണമുയർന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് ദേവഗൗഡ ആദ്യമായി പ്രതികരിക്കുന്നത്.
'ഈ കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കേണ്ടതുണ്ട്. ഞാൻ അവരുടെ പേരുകൾ പറയുന്നില്ല'- എച്ച് ഡി ദേവഗൗഡ പറഞ്ഞു. തൻ്റെ 92-ാം ജന്മദിനത്തിൽ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ദേവഗൌഡ. പ്രജ്വലിനെതിരായ ആരോപണങ്ങളിൽ നടപടിയുണ്ടാകും. എന്നാൽ രേവണ്ണയുടെ കാര്യത്തിൽ എന്താണ് ഉണ്ടായതെന്ന് ജനങ്ങൾ കണ്ടതാണ്. അദ്ദേഹത്തിന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഒരു ഉത്തരവ് കൂടി കാത്തിരിക്കുകയാണെന്നും ദേവഗൗഡ പ്രതികരിച്ചു.
പ്രജ്വലിൻ്റെ ലൈംഗികാരോപണ കേസിലെ ഇരകളിൽ ഒരാളായ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഈ മാസം ആദ്യം രേവണ്ണയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. അതേസമയം, ഇരകൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്‌ഡി കുമാരസ്വാമി ഇതിനകം തന്നെ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ദേവഗൌഡ കൂട്ടിച്ചേർത്തു. പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസ് കർണാടക പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘമായ എസ്ഐടി ആണ് അന്വേഷിക്കുന്നത്. നിലവിൽ പ്രജ്വൽ ജർമ്മനിയിലുണ്ടെന്നാണ് കരുതുന്നത്. ലൈംഗികാരോപണ കേസ് പുറത്ത് വന്നതോടെ പ്രജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു.
വരനും വധുവും വിവാഹസമയത്ത് കിട്ടിയ സമ്മാനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കണം; അലഹാബാദ് ഹൈക്കോടതി
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam