പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ മുള്ളന്‍മടക്കല്‍ ഹാരിസ്, മടത്തൊടി ന‍ജീബുദ്ദീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിലായി. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലമാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം പൊന്ന്യാകുര്‍ശിയിലെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ മുഹമ്മദ് ബിന്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. 

സുഹൃത്തുക്കളായിരുന്നു ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ മുള്ളന്‍മടക്കല്‍ ഹാരിസ്, മടത്തൊടി ന‍ജീബുദ്ദീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പരിചയക്കാരനെ ബിന്‍ഷാദ് അക്രമിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി പൊന്ന്യാകുര്‍ശിയില്‍ വെച്ച് ഹാരിസ് ബിന്‍ഷാദിനെ മര്‍ദിച്ചു.പിന്നീട് നജീബുദ്ദീനെ കൂടി വിളിച്ചുവരുത്തി മൂവരും കാറില്‍ കയറി പെരിന്തല്‍മണ്ണയിലെ ബാറിലെത്തി. മദ്യപിച്ച ശേഷം ഇരുവരും കാറില്‍ വെച്ച് വീണ്ടും ബിന്‍ഷാദിനെ മര്‍ദിച്ചു. വഴിക്ക് ഇറക്കിവിട്ടെങ്കിലും ബോധരഹിതനായി വീണതോടെ ബിന്‍ഷാദിനെ കാറില്‍ കയറ്റി മുള്ള്യാകുര്‍ശിയിലെ താമസ സ്ഥലത്ത് എത്തിച്ചു. പിറ്റേ ദിവസം രാവിലെ എണീക്കാതായതോടെ ബിന്‍ഷാദിനെ ഇരുവരും ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഴഞ്ഞു വീണതാണെന്നായിരുന്നു ഇരുവരും ഡോക്ടര്‍മാരോട് പറഞ്ഞത്.

Read More : ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി, തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

വീഡിയോ സ്റ്റോറി കാണാം

പെരിന്തൽമണ്ണയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

Read More :  ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല, മന്ത്രവാദമടക്കം പരീക്ഷിച്ചു; യുവതി വീടിന് തീയിട്ട സംഭവം ഇങ്ങനെ