
മുംബൈ: കള്ളക്കേസിൽ കുടുക്കി തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ച ബിജെപിക്ക് മറാത്ത ജനത മുഖമടച്ച് മറുപടി നൽകുമെന്ന് ശരദ് പവ്വാർ. കർഷക ആത്മഹത്യയും വരൾച്ചയും ചർച്ചയാകാതിരിക്കാനാണ് ബിജെപി കശ്മീരും രാമക്ഷേത്രവും എടുത്തിടുന്നതെന്ന് പവ്വാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അനുയായികളിൽ ഭൂരിഭാഗവും മറുചേരിയിലേക്ക് കൂടുമാറിയതിനാൻ ശരദ് പവാറിന് നിലനിൽപ്പിനായുള്ള പോരാട്ടമാണ് ഇത്തവണത്തേത്.
പശ്ചിമ മഹാരാഷ്ട്രയിലെ പവാറിന്റെ മണ്ണ് ബിജെപി ഉഴുതുമറിച്ചിട്ടുണ്ട്. സോളാപൂരിൽ സ്വാധീനമുള്ള മോഹിതെ പാട്ടീൽ കുടുംബം, സതാറയിലെ കിരീടം വയ്ക്കാത്ത രാജാക്കൻമാരായ ഭോസ്ളെകൾ, കോലാപൂരിലെ ശക്തരായ മഹാദിക് കുടുംബം ഇങ്ങനെ പവ്വാറിന്റെ പവ്വർ ഹൗസുകൾ ഇന്ന് ബിജെപിക്കൊപ്പമാണ്. കേസുകൾ ഭയന്ന് എംഎൽഎമാരും നേതാക്കളും കൂട്ടത്തോടെ മറുപാളത്തിലേക്ക് പോയി. പക്ഷേ, അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പരിചയമുള്ള പവ്വാറിന് കീഴടങ്ങാൻ മനസ്സില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് സഹകരണ ബാങ്ക് ക്രമക്കേടിൽ ഇഡി കേസെടുത്തപ്പോൾ പവ്വാർ ബിജെപി നേതൃത്വത്തെ തെരുവിൽ വെല്ലുവിളിച്ചു.
പവ്വാർ യുഗം തീർന്നെന്ന മുഖ്യമന്ത്രി ഫട്നവിസിന്‍റെ വെല്ലുവിളിക്ക് ഈ തെരഞ്ഞെടുപ്പ് ഫലം മറുപടിയാകുമെന്നാണ് പവ്വാര്‍ തിരിച്ചടിച്ചത്. കാൽചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന സമയത്ത് 70 സീറ്റുള്ള പശ്ചിമ മഹാരാഷ്ട്രയിൽ ശരദ് പവ്വാറിന് ഇത് ജീവൻമരണ പോരാട്ടമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam