'മറ്റ് മേഖലകളെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കണം'; സച്ചിന് ശരദ് പവാറിന്റെ ഉപദേശം

By Web TeamFirst Published Feb 7, 2021, 10:52 AM IST
Highlights

'ക്രിക്കറ്റ് താരങ്ങളുടെ നിലപാടിനൈതിരെ നിരവധി വിമര്‍ശനങ്ങളുയര്‍ന്നു. എനിക്ക് സച്ചിനോട് പറയാനുള്ളത് ഇതാണ്. മറ്റ് മേഖലകളില്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം-ശരദ് പവാര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു'.
 

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മറുപടിയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. കര്‍ഷക സമരത്തിന് പിന്തുണയുമായി പോപ് ഗായിക റിഹാനയടക്കമുള്ള പ്രമുഖര്‍ പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയതിനെ വിമര്‍ശിച്ച് സച്ചിന്‍ രംഗത്തെത്തിയതിന് മറുപടിയായിട്ടാണ് ശരദ് പവാര്‍ രംഗത്തെത്തിയത്. മറ്റ് മേഖലയെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് ശരദ് പവാര്‍ സച്ചിനെ ഉപദേശിച്ചത്.

'ക്രിക്കറ്റ് താരങ്ങളുടെ നിലപാടിനൈതിരെ നിരവധി വിമര്‍ശനങ്ങളുയര്‍ന്നു. എനിക്ക് സച്ചിനോട് പറയാനുള്ളത് ഇതാണ്. മറ്റ് മേഖലകളില്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം' -ശരദ് പവാര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ഷക സമരക്കാരെ ഖലിസ്ഥാനികള്‍, ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതിനെതിരെയും കേന്ദ്രത്തിനെതിരെ പവാര്‍ വിമര്‍നമുന്നയിച്ചു.

അതേസമയം പവാറിന്റെ നിലപാടിനെതിരെ ബിജെപി രംഗത്തെത്തി. പവാര്‍ മിയാഖലീഫ, റിഹാന, ഗ്രെറ്റ തുന്‍ബെര്‍ഗ് എന്നിവരെയും ഉപദേശിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നതായി ബിജെപി നേതാവ് മീനാക്ഷി ലേഖി ട്വീറ്റ് ചെയ്തു. മുമ്പ് കാര്‍ഷിക മേഖലയില്‍ പരിഷ്‌കാരം വേണമെന്ന് ആവശ്യപ്പെട്ട പവാറിന്റെ ഇപ്പോഴത്തെ നിലപാട് ഇരട്ടത്താപ്പാണെന്നും ബിജെപി വിമര്‍ശിച്ചു.

കഴിഞ്ഞയാഴ്ചയാണ് വിദേശ താരങ്ങള്‍ കാര്‍ഷിക സമരത്തില്‍ അഭിപ്രായം പറഞ്ഞതിനെതിരെ സച്ചിനടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയത്. ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ നോക്കാന്‍ ഇന്ത്യക്കറിയാമെന്നും പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു.
 

click me!