മഹാരാഷ്ട്ര സഖ്യത്തില്‍ കല്ലുകടി; ഉദ്ധവ് താക്കറെയോട് ഇടഞ്ഞ് ശരദ് പവാര്‍

By Web TeamFirst Published Feb 14, 2020, 6:59 PM IST
Highlights

നവംബര്‍ 28ന് സഖ്യസര്‍ക്കാര്‍ (മഹാരാഷ്ട്ര വികാസ് അഘാഡി)അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് ശരദ് പവാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തുന്നത്.

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തില്‍ കല്ലുകടി. മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ എന്‍സിപി നേതാവ് ശരദ് പവാര്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. എല്‍ഗാര്‍ പരിഷദ് കേസ് (ഭീമ കൊറേഗാവ് കേസ്) എന്‍ഐഎക്ക് അന്വേഷിക്കാന്‍ അനുമതി നല്‍കിയതാണ് ശരദ് പവാറിനെ ചൊടിപ്പിച്ചത്. കേസ് എന്‍ഐഎക്ക് വിടാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് തീരുമാനിച്ചത്. 

കേസ് ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും വിട്ടുകൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനവും അനീതിയാണെന്ന് ശരദ് പവാര്‍ കോലാപുരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നവംബര്‍ 28ന് സഖ്യസര്‍ക്കാര്‍ (മഹാരാഷ്ട്ര വികാസ് അഘാഡി)അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് ശരദ് പവാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തുന്നത്.  2018ലാണ് കേന്ദ്ര സര്‍ക്കാര്‍ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആക്ടിവിസ്റ്റുകളടക്കമുള്ള ചിലര്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഭീമ കൊറേഗാവ് കേസ്. ഇടത്, ദലിത് ആക്ടിവിസ്റ്റുകളായ സുധീർ ധവാലെ, റോണ വിൽസൺ , സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗട്ട് , ഷോമ സെൻ , അരുൺ ഫെരേര, വെർനൻ ഗോൺസാൽവസ്, സുധാ ഭരദ്വാജ്, വരവര റാവു തുടങ്ങിയവരാണ് ‌അറസ്റ്റിലായത്. 

അതേസമയം, എന്‍സിപി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയമാണ് എന്‍ഐഎ അന്വേഷണത്തിന് അനുമതി നല്‍കിയത്. എന്‍സിപി നേതാവ് അനില്‍ ദേശ്മുഖാണ് ആഭ്യന്തര മന്ത്രി. എന്നാല്‍, മുഖ്യമന്ത്രി പ്രത്യേക അധികാരമുപയോഗിച്ച് ആഭ്യന്തര വകുപ്പിനെ മറികടന്നാണ് തീരുമാനമെടുത്തതെന്നാണ് എന്‍സിപിയുടെ വാദം. സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നാണ് എന്‍സിപിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ശരദ് പവാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ഭീമ കൊറേഗാവ് കേസ് കേന്ദ്രം ദുരുപയോഗം ചെയ്യുമെന്നും ശരദ് പവാര്‍ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ശരദ് പവാര്‍ കത്ത് കൈമാറിയതിന് പിന്നാലെ അജിത് പവാറും മറ്റ് എന്‍സിപി മന്ത്രിമാരും പ്രത്യേക യോഗം ചേര്‍ന്നു. നേരത്തെ കേസ് എന്‍ഐഎ അന്വേഷിക്കുന്നതില്‍ ശിവസേനയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 2018ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭീമ കൊറേഗാവ് അനുസ്മരണ ദിനമായ ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ സംഘര്‍ഷമുണ്ടാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നുമാണ് കേസ്. 

കേസ് എൻഐഎ ഔദ്യോഗികമായി ഏറ്റെടുത്തതോടെ കേസിന്‍റെ എല്ലാ രേഖകളും തുടര്‍ നടപടികളും മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ പുണെ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസിലെ എല്ലാ പ്രതികളെയും ഫെബ്രുവരി 28 ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

click me!