
ദില്ലി: ദില്ലി കലാപ വിശാല ഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മുൻ ജെഎൻയു വിദ്യാർത്ഥി ഷർജിൽ ഇമാം സുപ്രീംകോടതി സമീപിച്ചു. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ദില്ലി ഹൈക്കോടതിയുടെ സെപ്തംബർ രണ്ടിലെ ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ എപ്പോഴാണ് വാദം കേൾക്കുകയെന്ന് വ്യക്തമല്ല.
ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെയും ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷയിൽ വിധി വന്നത് അറസ്റ്റിലായി അഞ്ച് വർഷത്തിന് ശേഷമാണ്. സി എ എ വിരുദ്ധ സമരവും തുടർന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെയുള്ള എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വർഷമായി വിചാരണയില്ലാതെ തടവിൽ കഴിയുകയാണ് ഇവർ.
2020 ജനുവരി 28 നാണ് സി എ എ വിരുദ്ധ പ്രക്ഷോഭത്തിൽ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. ഉമർ ഖാലിദ് ദില്ലി കലാപത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചെന്ന് പിന്നാലെ പൊലീസ് കേസെടുത്തു. കലാപാഹ്വാന കേസിൽ യു എ പി എ ചുമത്തി ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത് 2020 സെപ്റ്റംബർ 14നാണ്. 2020 സെപ്റ്റംബറിൽ ജാമിയ മിലിയ പ്രസംഗ കേസിൽ ഷർജീൽ ഇമാമിന് ജാമ്യം ലഭിച്ചു. എന്നാൽ യു എ പി എ കേസ് ഉള്ളതിനാൽ മോചനം സാധ്യമായില്ല. ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യ ഹർജികൾ പലതവണ വിചാരണ കോടതി തള്ളി.
രാജ്യദ്രോഹ കേസിൽ ഷർജീൽ ഇമാമിന് 2024ൽ ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും 2020 ലെ വടക്കൻ ദില്ലി കലാപ കേസിൽ യു എ പി എ ചുമത്തിയതിനാൽ ജയിലിൽ തുടരേണ്ടിവന്നു. ഇക്കഴിഞ്ഞ സെപ്തംബർ രണ്ടിന് ദില്ലി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് ഷർജീൽ ഇമാം സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam