
ദില്ലി: വ്ലാദിമിർ പുടിന് നല്കിയ വിരുന്നിൽ ശശി തരൂർ പങ്കെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി. തരൂർ പാർട്ടിയോട് ആലോചിച്ചില്ലെന്ന് എഐസിസി വൃത്തങ്ങൾ. വിരുന്നിന് ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണം എന്ന് എഐസിസി വക്താവ് പവൻ ഖേര. താനായിരുന്നെങ്കിൽ നേതാക്കളെ വിളിക്കാത്ത വിരുന്നിന് പോകില്ലായിരുന്നു എന്നും ഖേര വിമർശിച്ചു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയേയും, മല്ലികാർജ്ജുൻ ഖർഗെയേയും ക്ഷണിച്ചിരുന്നില്ല. വിദേശകാര്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കാണ് തന്നെ ക്ഷണിച്ചതെന്ന് ശശി തരൂർ പ്രതികരിച്ചു. വിരുന്നിൽ പ്രധാനമന്ത്രിയും, കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡൻറിന് വ്ലാദിമിർ പുടിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേല്പു നല്കി. പിന്നീട് രാജ്ഘട്ടിൽ ഗാന്ധി സമാധിയിലെത്തി പുടിൻ പുഷ്പാർച്ചന നടത്തി. രണ്ടു രാജ്യങ്ങളിലെയു വ്യവസായികളുമായും മോദിയും പുടിനും കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം ടൊയോട്ട നിർമ്മിത എസ്യുവിയിൽ ഒന്നിച്ചാണ് എഴ് ലോക് കല്ല്യാൺ മാർഗ്ഗിലെ അത്താഴ വിരുന്നിന് രണ്ടു നേതാക്കുളം പോയത്. പ്രധാനമന്ത്രിയുടെ റേഞ്ച് റോവർ കാർ ടാറ്റയുടെ ഉടമസ്ഥതതയിൽ നിർമ്മിക്കുന്നതാണെങ്കിലും ബ്രിട്ടീഷ് ബ്രാൻഡ് ആയതിനാലാണ് ഇതിലെ യാത്ര വേണ്ടെന്ന് വച്ചതെന്നാണ് സൂചന. പുടിന് മോദി ഭഗവദ് ഗീതയുടെ റഷ്യൻ തർജമ സമ്മാനിച്ചു. സംഘർഷം തീർക്കണം എന്ന നിലപാട് ആവർത്തിക്കുമ്പോഴും താനും പുടിനുമായുള്ള ബന്ധത്തിൻറെ ആഴം രാജ്യത്തും പുറത്തും ഉള്ളവരെ ബോധ്യപ്പെടുത്താൻ മോദിക്കായി. റഷ്യ ഒറ്റയ്ക്കല്ല എന്ന സന്ദേശം പാശ്ചാത്യ രാജ്യങ്ങൾക്ക് നല്കുന്നതിൽ വ്ളാദിമിർ പുടിനും വിജയിച്ചു. പുടിന്‍റേത് എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാണെന്നും പുടിന്‍റെ സന്ദർശനം വൻ വിജയമെന്നുമാണ് വിലയിരുത്തല്‍.