2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ

Published : Dec 06, 2025, 03:41 AM IST
Google search

Synopsis

2025-ലെ തങ്ങളുടെ 'ഇയർ ഇൻ സെർച്ച്' റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. ഇത് പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് ഐപിഎൽ ആണ്. വാർത്തകളിൽ മഹാ കുംഭമേളയും, വ്യക്തികളിൽ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയുമാണ് മുന്നിൽ. കൂടുതലറിയാം..

2025 അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തതെന്താണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. ഗൂഗിൽ ട്രെൻഡ്സിൽ ഇന്ത്യയെന്ന ഓപ്ഷൻ നൽകുമ്പോൾ “India’s Year in Search 2025: The A to Z of Trending Searches” ലഭിക്കും. ഈയടുത്ത് അന്തരിച്ച ധർമ്മേന്ദ്ര മുതൽ മഹാ കുംഭമേളയും ഇഡലിയും ഓപ്പറേഷൻ സിന്ദൂറും വരെ ലിസ്റ്റിലുണ്ട്. ഐപിഎൽ തന്നെ ആണ് ഈ വർഷവും ഇന്ത്യക്കാർ എറ്റവും കൂടുതൽ തെരഞ്ഞ വാക്ക്. കഴിഞ്ഞ വർഷവും ആദ്യ സ്ഥാനത്ത് ഐപിഎൽ തന്നെയായിരുന്നു. വാർത്താ സംഭവമെന്ന നിലയിൽ എറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വാക്ക് മഹാ കുംഭമേളയാണ്. എറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട പേര് യുവ ക്രിക്കറ്റ് താരമായ വൈഭവ് സൂര്യവംശിയുടേതാണ്.

ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമ സയ്യാര ആണ്. രണ്ടാം സ്ഥാനത്ത് കാന്താരയുമുണ്ട്. മൂന്നാം സ്ഥാനത്ത് രജനീകാന്തിന്റെ കൂലിയുമുണ്ട്. അതേ സമയം മലയാളി താരം ഉണ്ണി മുകുന്ദന്റെ മാർകോ ആറാം സ്ഥാനത്തുണ്ട്. ആളുകളെ സെർച്ച് ചെയ്യുന്നതിൽ ഭൂരിഭാഗവും ക്രിക്കറ്റ് താരങ്ങളുടെ പേരുകളാണ്. വൈഭവ് കൂടാതെ പ്രിയാൻഷ് ആര്യ, അഭിഷേക് ശർമ, ഷെയ്ക് റഷീദ് എന്നിവരെല്ലാം പിന്നാലെയുണ്ട്. വനിതാ താരങ്ങളായ ജെമിനാ റോഡ്രിഗസും സ്മൃതി മന്ദാനയും ലിസ്റ്റിലുണ്ട്. സെർച്ച് ചെയ്ത എഐകളിൽ മുന്നിട്ട് നിൽക്കുന്നത് ജെമിനി, ജെമിനി ഫോട്ടോ, ഗ്രോക് എന്നിവയാണ്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് ഏഷ്യാ കപ്പും, ഐസിസി ചാമ്പ്യൻസ് ട്രോഫിയുമാണ്.

വാർത്തകളിൽ കുംഭമേള കഴിഞ്ഞാൽ ഏറ്റവും കൂടുതലാളുകൾ തിരഞ്ഞത് ധ‍ർമേന്ദ്ര, ബിഹാർ ഇലക്ഷൻ ഫലം, ഇന്ത്യ- പാക് വാർത്തകൾ എന്നിവയാണ്. ഓപ്പറേഷൻ സിന്ദൂറും പഹൽഗാമുമെല്ലാം ആദ്യ പത്തിലുണ്ട്. സ്ഥലങ്ങളിൽ മഹാകുംഭമേള, ഫിലിപ്പീൻസ്, ജോർജിയ, മൗറീഷ്യസ്, കശ്മീർ തുടങ്ങിയവ ആദ്യ 10ൽ ഇടം നേടി. ഭക്ഷണ വിഭവങ്ങളിൽ ഇഡ്ലിയാണ് മുന്നിൽ. കോക്ക്ടെയിൽ ആയ പോൺസ്റ്റാർ മാർട്ടിനി, മോദകം, കുക്കീസ് വിഭാഗത്തിൽ പെടുന്ന തെക്കുവ തുടങ്ങിയവ ഉൾപ്പെടുന്നു. ബീട്ട്റൂട്ട് കഞ്ഞി ആറാം സ്ഥാനത്താണ്. അതേ സമയം, ഈ വിഭാഗത്തിൽ തിരുവാതിരൈക്കളിയുമുണ്ട്. എന്നാൽ ഇത് മലയാളികളുടെ തിരുവാതിരക്കളിയല്ല, തമിഴ്നാട്ടിൽ ഉണ്ടാക്കുന്ന ഒരു പ്രത്യേക തരം മധുര പലഹാരമാണ് തിരുവാതിരൈക്കളി.

ഇനി എന്താണ് വഖഫ് ബിൽ, എന്താണ് ഓപ്പറേഷൻ സിന്ദൂ‍ർ, എന്താണ് മോക്ക് ഡ്രിൽ, എന്താണ് എസ്ഐആ‍‍ർ എന്നുമെല്ലാമാണ് ഇന്ത്യക്കാർ തിരഞ്ഞിട്ടുള്ളത്. വെടിനിർത്തൽ, മോക്ക് ഡ്രിൽ, പൂക്കി, മെയ്ദിനം, 5201314 എന്ന സംഖ്യ ചൈനീസിൽ അ‍ർത്ഥമാക്കുന്നതെന്താണ്, സ്റ്റാംപീഡ് എന്നിവയുടെയെല്ലാം അർത്ഥങ്ങളും ഏറെ സെർച്ച് ചെയ്യപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിലെ ഭാഷകളെയും സംസ്കാരങ്ങളെയും പോലെത്തന്നെ വൈവിധ്യം നിറഞ്ഞതാണ് ഇന്ത്യക്കാരുടെ ഗൂഗിൾ സെർച്ചും എന്ന് സാരം.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'