'സർക്കാർ വിളിച്ചു, ഞാൻ അഭിമാനത്തോടെ യെസ് പറഞ്ഞു'; ദേശസേവനം പൗരന്മാരുടെ കടമയെന്നും ശശി തരൂർ

Published : May 17, 2025, 04:54 PM ISTUpdated : May 17, 2025, 05:06 PM IST
'സർക്കാർ വിളിച്ചു, ഞാൻ അഭിമാനത്തോടെ യെസ് പറഞ്ഞു'; ദേശസേവനം പൗരന്മാരുടെ കടമയെന്നും ശശി തരൂർ

Synopsis

ഓപ്പറേഷൻ സിന്ദൂറിലെ വിദേശപര്യടനവുമായി ബന്ധപ്പെട്ട വിവാദം കോൺഗ്രസിനും സർക്കാരിനും ഇടയിലെന്ന് ശശി തരൂർ

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തെ നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരാണെന്നും താൻ അഭിമാനത്തോടെ യെസ് പറഞ്ഞുവെന്നും ശശി തരൂർ. താനൊരു പാർലമെൻ്ററി കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയാണ്. വിവാദം കോൺഗ്രസിനും സർക്കാരിനും ഇടയിലാണ്. അതേക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസ‍ർക്കാരിൽ നിന്ന് പാർലമെൻ്ററി കാര്യ മന്ത്രിയാണ് തന്നെ വിളിച്ചത്. ഈ ക്ഷണത്തെ കുറിച്ച് താൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. 88 മണിക്കൂർ നീണ്ട യുദ്ധം നമ്മൾ കണ്ടതാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ല. ഭാരതം ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ, ഒരു പൗരനോട് ഒരു കാര്യം ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റണം. കോൺഗ്രസ് നേതൃത്വത്തിന് തൻ്റെ കഴിവിലും കഴിവില്ലായ്മയിലും വ്യത്യസ്തമായ അഭിപ്രായം കാണും. ആർക്കും എന്നെ അത്ര എളുപ്പത്തിൽ അപമാനിക്കാൻ കഴിയില്ല. ദേശസേവനം പൗരന്മാരുടെ കടമയാണ് എന്നാണ് എന്റെ വിശ്വാസം. എന്നെ ക്ഷണിച്ചത് കൊണ്ട് താൻ പോകുമെന്നും ശശി തരൂർ വ്യക്തമാക്കി.

ശശി തരൂരിനെ കൂടാതെ വിദേശ രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘങ്ങളെ വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ളവരാണ് നയിക്കുന്നത്. എന്‍ഡിഎയില്‍ നിന്ന് ബിജെപിയുടെ രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയുവിന്‍റെ  സഞ്ജയ് കുമാര്‍ ഝാ, ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് ശ്രീകാന്ത് ഷിന്‍ഡെ, പ്രതിപക്ഷത്ത് നിന്ന് ഡിഎംകെയുടെ കനിമൊഴി,  എന്‍സിപിയുടെ സുപ്രിയ സുലേ എന്നിവരും ഓരോ സംഘത്തെ നയിക്കുമെന്നാണ് തീരുമാനം.

ഏഴ് സംഘങ്ങളെയാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യ അയക്കുന്നത്. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാനെ തുറന്നു കാട്ടാനുള്ള ഇന്ത്യയുടെ നയതന്ത്ര പരിപാടി. ഏഴിൽ മൂന്ന് സംഘങ്ങളെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് നയിക്കുന്നത്. ഓരോ പാര്‍ട്ടികളോടും പ്രതിനിധി സംഘത്തിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ദൗത്യത്തിന്‍റെ  ഏകോപന ചുമതലയുള്ള മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ശശി തരൂരിനെ ഒഴിവാക്കിയാണ് പട്ടിക നല്‍കിയത്. രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയില്‍ മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിര്‍ ഹുസൈന്‍, രാജ്ബ്രാര്‍ എന്നിവരെയാണ് നിര്‍ദ്ദേശിച്ചത്. ശശി തരൂര്‍ പാര്‍ട്ടിയുടെ ചോയ്സ് അല്ലെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയിലെ  വിവരങ്ങള്‍ പാര്‍ട്ടി വക്താവ് ജയറാം രമേശ് പുറത്ത് വിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പേരുകളൊന്നും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം ശശി തരൂരിനെ ഉള്‍പ്പെടുത്തി. യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള സംഘത്തിന്‍റെ തലവനായാണ് ശശി തരൂരിനെ കോണ്‍ഗ്രസിന്‍റെ പ്രതിനിധിയായി ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ കുറേ നാളുകളായി ശശി തരൂരും കോണ്‍ഗ്രസുമായുള്ള ഏറ്റുമുട്ടലിന്‍റെ തുടര്‍ച്ചയാണ് പ്രതിനിധി സംഘത്തിലേക്കുള്ള പട്ടികയിലും പ്രതിഫലിച്ചിരിക്കുന്നത്. പാര്‍ട്ടി നിലപാടാണ് പൊതു സമൂഹത്തില്‍ പറയേണ്ടതെന്ന ലക്ഷ്മണ രേഖ കോണ്‍ഗ്രസ് വരച്ചിരുന്നു. എന്നാൽ വിദേശ കാര്യ വിഷയത്തിന്‍റെ ഇപ്പോള്‍ എങ്ങനെയാണോ പ്രതികരിക്കുന്നത് അങ്ങനെ തന്നെയാകും തുടര്‍ന്നെന്നും തരൂര്‍ തിരിച്ചടിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് നല്‍കിയ പട്ടികക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു. പട്ടികയിലുള്ള ഗൗരവ് ഗോഗോയ്യും ഭാര്യയും പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നെന്നും പാക് ഏജന്‍റുമാരാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നാളുകളായി ഉന്നയിക്കുന്ന ആക്ഷേപം ബിജെപി ഓര്‍മ്മപ്പെടുത്തി. പാകിസ്ഥാന് സിന്ദാബാദ് വിളിച്ചവരാണ് നാസിര്‍ ഹുസൈന്‍ എംപിയുടെ അനുയായികളെന്നും ബിജെപി വക്താവ് അമിത് മാളവ്യ സമൂഹ മാധ്യമത്തില്‍ വിമര്‍ശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം