
ബെംഗളൂരു: ബെംഗളൂരുവിൽ ഒരു ഊബർ ടാക്സി ഡ്രൈവർ യാത്രക്കാരിയോട് കാണിച്ച അനുകമ്പ ഇൻസ്റ്റാഗ്രാമിൽ വൈറലായി. മനുഷ്യത്വം ഇന്നും നിലനിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഡ്രൈവറുടെ പെരുമാറ്റം. തനിക്ക് ജീവിതത്തിൽ ലഭിച്ച "ഏറ്റവും ഹൃദയസ്പർശിയായ അനുഭവങ്ങളിൽ" ഒന്നാണ് ഇതെന്നും, കണ്ടൻ്റ് ക്രിയേറ്ററായ യോഗിത റാത്തോർ ഒരു വീഡിയോയിലൂടെ ഓർത്തു. ഷൂട്ടിംഗ് കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു യോഗിത. കടുത്ത ക്ഷീണവും മാനസിക സമ്മർദ്ദവും കാരണം ടാക്സിക്കുള്ളിൽ വെച്ച് അവർ പൊട്ടിക്കരയുകയും സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയുമായിരുന്നു. ഇന്നത്തെ ദിവസം വലിയ ബുദ്ധിമുട്ടായിരുന്നു എന്നും, താൻ ഒന്നും കഴിച്ചിട്ടില്ലെന്നും അവർ സുഹൃത്തിനോട് പറഞ്ഞു. "എൻ്റെ വിമാനം പുലർച്ചെ 2 മണിക്കാണ്. ബെംഗളൂരു എയർപോർട്ട് വളരെ ദൂരെയുമാണ്. എപ്പോൾ ഭക്ഷണം കഴിക്കാൻ സമയം കിട്ടുമെന്ന് എനിക്കറിയില്ല" ആ നിമിഷത്തെ തൻ്റെ സമ്മർദ്ദവും വികാരവും വിവരിച്ചുകൊണ്ട് യോഗിത പറഞ്ഞു. ഇതിനിടെ ടാക്സി പെട്ടെന്ന് നിർത്തുകയും ഡ്രൈവർ രണ്ട് മിനിറ്റ് കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഡ്രൈവർ ഇടവേള എടുക്കുകയാണെന്ന് കരുതി അവർ സമ്മതിച്ചു. എന്നാൽ, തിരികെ വന്ന ഡ്രൈവറുടെ കയ്യിൽ ഒരു സാൻഡ്‌വിച്ച് ഉണ്ടായിരുന്നു.
ഡ്രൈവറുടെ ദയയും പ്രതികരണവും
വിശക്കുന്നു എന്ന് സുഹൃത്തിനോട് പറയുന്നത് കേട്ടെന്നും, തനിക്ക് വിഷമം തോന്നിയെന്നും ഡ്രൈവർ യോഗിതയോട് പറഞ്ഞു. "തന്റെ സ്വന്തം സഹോദരിക്ക് വിശന്നാലും എനിക്ക് ഇതേ വിഷമം തോന്നും," എന്നും അദ്ദേഹം പറഞ്ഞു. വെജിറ്റേറിയനാണ് വേണ്ടതെന്ന് കേട്ടതുകൊണ്ടാണ് അത് അന്വേഷിച്ച് പോയതെന്നും അദ്ദേഹം വിശദീകരിച്ചു. ഡ്രൈവറുടെ ഈ സ്നേഹപ്രകടനത്തിൽ വികാരാധീനയായ യോഗിത, അദ്ദേഹത്തെ താൻ ഒരിക്കലും മറക്കില്ല എന്ന് മറുപടി പറയുന്നതും വീഡിയോയിൽ കേൾക്കാം. "നിങ്ങൾ കണ്ടുമുട്ടുന്ന എല്ലാവരോടും ദയ കാണിക്കുക എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഇത്. കാരണം എല്ലാവർക്കും അവരുടേതായ കഷ്ടപ്പാടുകളുണ്ട്, നിങ്ങളുടെ ദയ ഒരുപക്ഷേ അവരുടെ ദിവസം സന്തോഷകരമാക്കിയേക്കാം," എന്ന് പറഞ്ഞുകൊണ്ടാണ് യോഗിത വീഡിയോ അവസാനിപ്പിക്കുന്നത്. ഡ്രൈവറുടെ ഈ സ്നേഹവും ഊഷ്മളതയും കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രശംസകൊണ്ട് കമൻ്റ് ബോക്സ് നിറച്ചു. "ദയ എപ്പോഴും അപ്രതീക്ഷിത ഇടങ്ങളിൽ നിന്നാണ് ലഭിക്കുക. ചിലർ നിങ്ങളുടെ പേര് പോലും അറിയാതെ നിങ്ങളെ സുഖപ്പെടുത്തുന്നു," എന്ന് ഉപയോക്താവ് കുറിച്ചു.