ശിവസേന തർക്കം; പാർട്ടി ചിഹ്നം ആർക്കെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

By Web TeamFirst Published Sep 27, 2022, 6:44 PM IST
Highlights

മഹാരാഷ്ട്രയിലെ അധികാര മാറ്റത്തെക്കുറിച്ചുള്ള കേസുകളിൽ സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം തുടങ്ങി.  തീരുമാനം വരുന്നത് വരെ കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിൻറെ അപേക്ഷ സുപ്രീംകോടതി തള്ളി. ഒരു ദിവസം ഇക്കാര്യത്തിൽ വാദം കേട്ട ശേഷമാണ് കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്ന് ഭരണഘടന ബഞ്ച് ഉത്തരവിട്ടത്. 

ദില്ലി: ശിവസേനയുടെ  ചിഹ്നം ആർക്കു നല്കണമെന്ന വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി. യഥാർത്ഥ ശിവസേനയെന്ന് ചൂണ്ടിക്കാട്ടി ചിഹ്നത്തിന്  ഏക്നാഥ് ഷിൻഡെ വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു.  മഹാരാഷ്ട്രയിലെ അധികാര മാറ്റത്തെക്കുറിച്ചുള്ള കേസുകളിൽ സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം തുടങ്ങി.  തീരുമാനം വരുന്നത് വരെ കമ്മീഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിൻറെ അപേക്ഷ സുപ്രീംകോടതി തള്ളി. ഒരു ദിവസം ഇക്കാര്യത്തിൽ വാദം കേട്ട ശേഷമാണ് കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്ന് ഭരണഘടന ബഞ്ച് ഉത്തരവിട്ടത്. 

 ശിവസേനാ അധികാരം സംബന്ധിച്ച ഹർജികൾ ഈ വർഷം ഓ​ഗസ്റ്റിലാണ് ഭരണഘടനാ ബഞ്ചിലേക്ക് സുപ്രീംകോടതി വിട്ടത്. കൂറുമാറ്റം,ലയനം,  അയോ​ഗ്യത എന്നിവ സംബന്ധിച്ച എട്ട് ചോദ്യങ്ങൾ കോടതി ചോദിച്ചിരുന്നു. ഇതിന്മേലാണ് ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിക്കേണ്ടത്.  അയോ​ഗ്യത, സ്പീക്കറുടെയും ​ഗവർണറു‌ടെയും അധികാരം, നിയമപരമായ അവലോകനം എന്നിവയുൾപ്പെടുന്ന ഭരണഘടനാ പത്താം അനുഛേദവുമായി ബന്ധപ്പെട്ട് നിരവധി ഭരണഘടനാ വിഷയങ്ങൾ ഉയർത്തുന്നതാണ് ഇരുകക്ഷികളു‌ടെയും ഹർജികളെന്ന് ഇന്ന് കോടതി വിലയിരുത്തി. കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് പ്രതിപാദ്യമുള്ളതാണ് ഭരണഘടനയുടെ പത്താം അനുഛേദം. 

അതേസമയം, സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ   തൽസമയ സംപ്രേഷണം ഇന്ന് മുതൽ ആരംഭിച്ചു. ചീഫ് ജസ്റ്റിസിന്റെത് ഉൾപ്പെടെയുള്ള മൂന്ന് ഭരണഘടന ബെഞ്ചിന്റെ നടപടികളാണ് തൽസമയം സംപ്രേഷണം ചെയ്യുക.  ചീഫ് ജസ്റ്റിസ് യു യു ലളിത് , ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവരാണ് ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷത വഹിക്കുന്നത്.നാലുവർഷം മുൻപ് ആണ് പൊതു പ്രാധാന്യമുള്ള കേസുകൾ തൽസമയം സംപ്രേഷണം ചെയ്യുന്നതിന് സുപ്രീംകോടതി തത്വത്തിൽ അംഗീകാരം നൽകിയത് . ചീഫ് ജസ്റ്റിസ് എൻ വി രമണ വിരമിച്ച ദിവസത്തെ കോടതി നടപടികളാണ് ആദ്യമായി തൽസമയം സംപ്രേഷണം ചെയ്തത്. 

Read Also: ചരിത്രത്തിലാദ്യം; വാദം കേൾക്കൽ തത്സമയം സംപ്രേഷണം ചെയ്ത് സുപ്രീംകോടതി, ഇനി നടപടികൾ നേരിട്ടറിയാം 

click me!