Asianet News MalayalamAsianet News Malayalam

ചരിത്രത്തിലാദ്യം; വാദം കേൾക്കൽ തത്സമയം സംപ്രേഷണം ചെയ്ത് സുപ്രീംകോടതി, ഇനി നടപടികൾ നേരിട്ടറിയാം

2017 സെപ്തംബർ 28നാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപ്ക മിശ്ര ഇതു,സംബന്ധിച്ച  നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 'സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി' എന്ന പ്രസ്താവനയോടെയാണ് ഇക്കാര്യം അദ്ദേഹം ഉത്തരവിട്ടത്.  മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിം​ഗാണ് തത്സമയ സംപ്രേഷണം എന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. 

supreme court starts live streaming on its hearing
Author
First Published Sep 27, 2022, 4:13 PM IST

ദില്ലി: ചരിത്രത്തിലാദ്യമായി വാദം കേൾക്കൽ തത്സമയം സംപ്രേഷണം ചെയ്ത് സുപ്രീംകോടതി. മൂന്ന് ഭരണഘടനാ ബഞ്ചുകൾ ഉള്ളതിൽ രണ്ടാമത്തെ ബഞ്ചാണ് ചരിത്രത്തിലേക്ക് പുതിയ അധ്യായം എഴുതിച്ചേർത്തത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണിത്. ശിവസേനാ തർക്കം സംബന്ധിച്ച ഹർജികളിലായിരുന്നു വാദം കേൾക്കൽ. 

ഉദ്ധവ് താക്കറെ- ഏക്നാഥ് ഷിൻഡെ വിഭാ​ഗങ്ങൾ തമ്മിലുള്ള തർക്കമാണ് ഈ ഹർജികൾക്ക് ആധാരം. ആരാണ് ഔദ്യോ​ഗിക പക്ഷം എന്നതാണ് തർക്കവിഷയം. ശിവസേനാ അധികാരം സംബന്ധിച്ച ഹർജികൾ ഈ വർഷം ഓ​ഗസ്റ്റിലാണ് ഭരണഘടനാ ബഞ്ചിലേക്ക് സുപ്രീംകോടതി വിട്ടിരുന്നു. കൂറുമാറ്റം,ലയനം,  അയോ​ഗ്യത എന്നിവ സംബന്ധിച്ച എട്ട് ചോദ്യങ്ങൾ കോടതി ചോദിച്ചിരുന്നു. ഇതിന്മേലാണ് ഭരണഘടനാ ബഞ്ച് വിധി പുറപ്പെടുവിക്കേണ്ടത്.  അയോ​ഗ്യത, സ്പീക്കറുടെയും ​ഗവർണറു‌ടെയും അധികാരം, നിയമപരമായ അവലോകനം എന്നിവയുൾപ്പെടുന്ന ഭരണഘടനാ പത്താം അനുഛോദവുമായി ബന്ധപ്പെട്ട് നിരവധി ഭരണഘടനാ വിഷയങ്ങൾ ഉയർത്തുന്നതാണ് ഇരുകക്ഷികളു‌ടെയും ഹർജികളെന്ന് ഇന്ന് കോടതി വിലയിരുത്തി. കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് പ്രതിപാദ്യമുള്ളതാണ് ഭരണഘടനയുടെ പത്താം അനുഛേദം. 

യൂട്യൂബ് സ്ട്രീമിങ്ങിന് പകരം സ്വന്തമാ‌യ ലൈവ് സ്ട്രീമിം​ഗ് പ്ലാറ്റ് ഫോം സുപ്രീംകോടതിക്ക് ഉടനുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ഇന്നലെ പറഞ്ഞിരുന്നു. 2018ൽ ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് കോടതിനടപടികൾ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിർണായ‌ക തീരുമാനമായത്. നാല് വർഷത്തിനു ശേഷം കോടതികമ്മിറ്റികൾ ഇക്കാര്യത്തിൽ ചർച്ച നടത്തുകയും സെപ്തംബർ 27  (ഇന്ന്) മുതൽ ലൈവ് സ്ട്രീമിം​ഗ് നടത്താമെന്ന് ധാരണയിലെത്തുകയുമാ‌യിരുന്നു. തുടക്കത്തിൽ യൂട്യൂബ് വഴിയും അധികം താമസിക്കാതെ സ്വന്തം സെർവറിലൂടെയും കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

2017 സെപ്തംബർ 28നാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപ്ക മിശ്ര ഇതു,സംബന്ധിച്ച  നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 'സൂര്യപ്രകാശമാണ് ഏറ്റവും നല്ല അണുനാശിനി' എന്ന പ്രസ്താവനയോടെയാണ് ഇക്കാര്യം അദ്ദേഹം ഉത്തരവിട്ടത്.  മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിം​ഗാണ് തത്സമയ സംപ്രേഷണം എന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. രാജ്യത്തെമമ്പാടുമുള്ള ജനങ്ങൾക്ക് പരമോന്നതകോടതിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള സുതാര്യത ഇതിലൂടെ കൈവരുമെന്നായിരുന്നു ഇന്ദിരാ ജയ്സിം​ഗ് പറഞ്ഞത്. 

Read Also: 'പേപ്പട്ടികളെയും അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അനുവദിക്കണം'; സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍

Follow Us:
Download App:
  • android
  • ios