
ദില്ലി : ഉത്തർപ്രദേശിലെ (Uttar Pradesh) ബിജെപിയുടെ (BJP) റെക്കോർഡ് വിജയത്തിന് തൊട്ടുപിന്നാലെ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) നേതാവ് മായാവതിക്കും (Mayawati) ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഒവൈസിക്കുമെതിരെ (Asaduddin Owaisi) ആഞ്ഞടിച്ച് ശിവസേന (Shiv Sena) നേതാവും എംപിയുമായ സഞ്ജയ് റാവത്ത് (Sanjay Rawat). ബിജെപിയുടെ വിജയത്തിലെ അവരുടെ "സംഭാവന"യ്ക്ക് അവർക്ക് പത്മവിഭൂഷണോ ഭാരതരത്നയോ നൽകണമെന്ന് റാവത്ത് പറഞ്ഞു.
"ബിജെപി മികച്ച വിജയം നേടി. യുപി അവരുടെ സംസ്ഥാനമായിരുന്നു, എന്നിട്ടും, അഖിലേഷ് യാദവിന്റെ സീറ്റുകൾ മൂന്ന് ഇരട്ടി വർദ്ധിച്ചു. 42 ൽ നിന്ന് 125 ആയി. മായാവതിയും ഒവൈസിയും ബിജെപിയുടെ വിജയത്തിന് സംഭാവന നൽകിയിട്ടുണ്ട്, അതിനാൽ അവർക്ക് പത്മവിഭൂഷണും ഭാരതരത്‌നയും നൽകണം," റാവത്തിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
നാല് സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചിട്ടും ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി തോറ്റു, ഗോവയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ പരാജയം നേരിട്ടു, പഞ്ചാബിൽ പാർട്ടി പൂർണമായി തിരസ്‌കരിക്കപ്പെട്ടുവെന്നും റാവത്ത് പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും എല്ലാവരും പഞ്ചാബിൽ വൻ പ്രചാരണം നടത്തി, പിന്നെ എന്തുകൊണ്ടാണ് പഞ്ചാബിൽ നിങ്ങൾ തോറ്റത്? യുപി, ഉത്തരാഖണ്ഡ്, ഗോവ എന്നിവ ഇതിനകം നിങ്ങളുടേതായിരുന്നു, അത് നല്ലതാണ്. പക്ഷേ, കോൺഗ്രസിനെ അപേക്ഷിച്ച് പഞ്ചാബിൽ നിങ്ങൾക്ക് കൂടുതൽ നഷ്ടപ്പെട്ടു" സേന എംപി പറഞ്ഞു.
ബിഎസ്പിയും എഐഎംഐഎമ്മും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപിയുടെ "ബി" ടീമുകളാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾ ഇരു പാർട്ടികളും പലതവണ നിഷേധിക്കുകയും ചെയ്തിരുന്നു.
ഒരു സീറ്റിൽ മാത്രം വിജയിച്ച ബിഎസ്പി ഇന്നലത്തെ പരാജയത്തിന് പിന്നാലെ നടത്തിയ ആദ്യ പ്രതികരണത്തിൽ മാധ്യമങ്ങൾക്കെതിരെ രംഗത്തെത്തി. ബിഎസ്പി ബിജെപിയുടെ "ബി-ടീം" ആണെന്ന വ്യാജ പ്രചരണം നടത്തിയതിന് മാധ്യമങ്ങൾക്കെതിരെ മായാവതി ആഞ്ഞടിക്കുകയും തന്റെ പാർട്ടിക്ക് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയൂ എന്ന് പറയുകയും ചെയ്തു. .
പൊതുജനങ്ങളുടെ തീരുമാനത്തെ താൻ മാനിക്കുന്നുവെന്നും ഉത്തർപ്രദേശിലെ ന്യൂനപക്ഷങ്ങളെ ബിജെപി വോട്ട് ബാങ്കായി ഉപയോഗിക്കുകയാണെന്നും ഒവൈസി ഇന്നലെ പറഞ്ഞിരുന്നു. യുപിയിൽ 403 സീറ്റുകളിൽ 273 സീറ്റുകൾ നേടി ബിജെപി അധികാരം നിലനിർത്തിയപ്പോൾ കോൺഗ്രസ്, ബിഎസ്പി അടക്കമുള്ള പാർട്ടികൾ വൻ പരാജയമാണ് നേരിട്ടത്.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഒറ്റയ്ക്ക് 111 സീറ്റുകൾ നേടിയപ്പോൾ അവരുടെ നേതൃത്വത്തിലുള്ള സഖ്യം 125 മണ്ഡലങ്ങളിൽ വിജയിച്ചു. സമാജ്‌വാദി പാർട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു ഇത്. മായാവതിയുടെ പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. 12.8 ശതമാനം വോട്ട് വിഹിതം ലഭിച്ചു. AIMIM അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു, വോട്ട് വിഹിതം 0.49 ശതമാനമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam