
മുംബൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും പരിഹസിച്ച് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നാണംകെട്ട തോൽവിയാണ് ലഭിച്ചതെന്നും രാഹുൽ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകർഷിക്കുന്നതായിരുന്നില്ലെന്നും ശിവസേന പറഞ്ഞു. മുഖപത്രമായ സമ്നയിലാണ് കോൺഗ്രസിനെതിരെ ശിവസേന വിമർശനമുന്നയിച്ചത്.
'2014ലെ തെരഞ്ഞെടുപ്പിനേക്കാൾ നാണംകെട്ട തോൽവിയാണ് ഇത്തവണ കോൺഗ്രസിന് നേരിടേണ്ടി വന്നത്. രാഹുൽ ഗാന്ധിയുടെ വ്യക്തിത്വം ജനങ്ങളെ ആകർഷിക്കുന്നതായിരുന്നില്ല. രാഹുലിന്റെ പ്രസംഗങ്ങൾ ജനങ്ങളിൽ മതിപ്പുണ്ടാക്കിയില്ല. രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനകരമായ എന്തെങ്കിലും കാര്യം രാഹുലിന്റെ പ്രസംഗങ്ങളിൽ ഉണ്ടായിരുന്നോ?'- സമ്നയിൽ ശിവസേന ചോദിക്കുന്നു.
കോൺഗ്രസിൽ പ്രവർത്തകരല്ല നേതാക്കളാണ് ഉള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നിന്നും കോണ്‍ഗ്രസിന്റെ വീക്ഷണം ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്നും ശിവസേന കുറ്റപ്പെടുത്തി. പ്രിയങ്ക ഗാന്ധിയ്ക്കെതിരെയും ശിവസേന വിമർശനമുന്നയിച്ചു. കഴിഞ്ഞ തവണ ഉത്തർപ്രദേശിൽ കോൺഗ്രസിന് രണ്ട് സീറ്റ് നേടാൻ സാധിച്ചെങ്കിൽ, ഇത്തവണ അത് ഒന്നായി ചുരുങ്ങിയെന്നും ശിവസേന പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുലിനെയും പ്രിയങ്കയേയും പ്രശംസിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ഇരുവരും വളരെയധികം കഠിനാധ്വാനം ചെയ്തുവെന്നും എന്നാൽ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷമായിരിക്കുമെന്നും ശിവസേന പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam