കൊവിഡിൽ അനാഥരായ കുട്ടികളെ നിയമപരമല്ലാതെ ദത്തെടുക്കുന്നത് തടയണമെന്ന് സുപ്രീം കോടതി

By Web TeamFirst Published Jun 8, 2021, 3:13 PM IST
Highlights

കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ സന്നദ്ധ സംഘടനകൾ പണപ്പിരിവ് നടത്തുന്നത് തടയണമെന്നും കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി

ദില്ലി: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച് അനാഥരായ കുട്ടികളെ നിയമപരമല്ലാതെ ദത്തെടുക്കുന്നത് തടയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തരത്തിൽ അനാഥരായ കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന സന്നദ്ധ സംഘടനകൾക്കെതിരെ നടപടി എടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ സന്നദ്ധ സംഘടനകൾ പണപ്പിരിവ് നടത്തുന്നത് തടയണമെന്നും കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി.

കൊവിഡ് മൂലം അനാഥരായ കുട്ടികളെ കണ്ടെത്താൻ സർക്കാരുകൾ നടപടി എടുക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. കൊവിഡ് കാരണം കഴിഞ്ഞ ഒരു വർഷത്തിനിടെ 3627 കുട്ടികൾ അനാഥരായെന്ന് കോടതിയിൽ ബാലാവകാശ കമ്മീഷൻ അറിയിച്ചു. 274 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. 26176 കുട്ടികൾക്ക് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായെന്നും ബാലവാകാശ കമ്മീഷൻ അറിയിച്ചു.

കേരളത്തിൽ 65 കുട്ടികൾ അനാഥരായെന്നാണ് കണക്ക്. 1931 കുട്ടികൾക്ക് അച്ഛനമ്മമാരിൾ ഒരാളെ നഷ്ടമായി. 2020 ഏപ്രിൽ 1 മുതൽ 2021 ജൂൺ 5 വരെയുള്ള കണക്കാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. ഏറ്റവും കൂടുതൽ പേർ അനാഥരായത് മധ്യപ്രദേശിലാണ്, 706. ബിഹാറിൽ 308 കുട്ടികളും ഒഡിഷയിൽ 241 കുട്ടികളും മഹാരാഷ്ട്രയിൽ 217 കുട്ടികളും ആന്ധ്രപ്രദേശിൽ 166 കുട്ടികളും ഛത്തീസ്ഗഡിൽ 120 കുട്ടികളും അനാഥരായി.

ഉപേക്ഷിക്കപ്പെട്ട കുട്ടികളിൽ 226 പേരും മധ്യപ്രദേശിലാണ്. 11 പേർ ഛത്തീസ്ഗഡിലും കേരളത്തിലും കർണാടകത്തിലും ആറ് പേർ വീതവും മണിപ്പൂരിൽ മൂന്ന് കുട്ടികളെയും മഹാരാഷ്ട്രയിൽ രണ്ട് കുട്ടികളെയും ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിൽ ഓരോ കുട്ടികളും ഉപേക്ഷിക്കപ്പെട്ടെന്നും കണക്ക് പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!