
പാറ്റ്ന: ഇന്ത്യയിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നായ ജെഇഇ അഡ്വാൻസ്ഡ് 2026ന്‍റെ ഫലം പുറത്തുവന്നപ്പോൾ രാജ്യത്തിനാകെ അഭിമാനമായി ബിഹാറിലെ ഗയ സ്വദേശിയായ ശുഭം കുമാർ. ഗയയിൽ ഹാർഡ്‌വെയർ ബിസിനസ്സ് നടത്തുന്ന ശിവകുമാറിന്‍റെയും വീട്ടമ്മയായ കാഞ്ചൻ ദേവിയുടെയും മകനായ ശുഭം കഴിഞ്ഞ രണ്ട് വർഷമായി കോട്ടയിൽ താമസിച്ചാണ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്. ഈ വർഷം ആദ്യം നടന്ന ജെഇഇ മെയിൻ പരീക്ഷയിൽ ആറാം റാങ്ക് നേടി ശുഭം തന്റെ വരവറിയിച്ചിരുന്നു. എന്നാൽ അതിനേക്കാൾ വലിയ ലക്ഷ്യമായ ജെഇഇ അഡ്വാൻസ്ഡിൽ 360-ൽ 330 മാർക്ക് വാങ്ങിയാണ് ഈ മിടുക്കൻ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് (AIR 1) സ്വന്തമാക്കിയത്.
പഠനത്തിൽ താൻ ഒരിക്കലും ഒരു മാരത്തൺ ശൈലി പിന്തുടർന്നിട്ടില്ലെന്ന് ശുഭം പറയുന്നു. ദിവസവും 16-ഓ 18-ഓ മണിക്കൂർ പുസ്തകപ്പുഴുവിനെപ്പോലെ ഇരുന്ന് പഠിക്കുന്ന രീതി ശുഭത്തിനില്ലായിരുന്നു. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്കും താരം സമയം കണ്ടെത്തി. സ്ഥിരത, ആശയങ്ങളിലെ വ്യക്തത, കൃത്യമായ ദിനചര്യ എന്നിവയായിരുന്നു രണ്ട് വർഷത്തെ തന്‍റെ പഠനത്തിന്റെ വിജയരഹസ്യം. ലക്ഷ്യത്തിൽ നിന്നും ശ്രദ്ധ മാറാതിരിക്കാൻ തന്‍റെ നോട്ടുബുക്കുകളിൽ 'ജെഇഇ അഡ്വാൻസ്ഡ് ടോപ്പർ' എന്ന് ശുഭം നേരത്തെ തന്നെ എഴുതിവെക്കുമായിരുന്നു. പഠനത്തിനിടയിലെ ഉയർച്ചതാഴ്ചകളിൽ ഫോക്കസ് നിലനിർത്താൻ ഈ ശീലം സഹായിച്ചതായി ശുഭം ഓർക്കുന്നു. ഐഐടി പട്നയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിന് പഠിക്കുന്ന ചേച്ചിയുടെ വഴിയാണ് തനിക്ക് പ്രചോദനമായതെന്നും അധ്യാപകരുടെ പിന്തുണയും കുടുംബത്തിന്റെ ത്യാഗവുമാണ് തന്റെ വിജയത്തിന് പിന്നിലെന്നും ശുഭം കൂട്ടിച്ചേർത്തു.
ക്ലാസുകൾക്ക് പുറമെ ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ മാത്രമാണ് ശുഭം സ്വയം പഠനത്തിനായി നീക്കിവെച്ചിരുന്നത്. അന്ന് ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ അന്നുതന്നെ റിവൈസ് ചെയ്യുക എന്നതായിരുന്നു പ്രധാന നിയമം. ചോദ്യങ്ങൾ നിരന്തരം പരിശീലിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്തു. ബുദ്ധിമുട്ടുള്ള വിഷയങ്ങൾ വരുമ്പോൾ ആശയങ്ങൾ പൂർണ്ണമായി മനസ്സിലാക്കുന്നത് വരെ അധ്യാപകരോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമായിരുന്നു. രാത്രി 10:30-ന് ഉറങ്ങി രാവിലെ 6:30-ന് ഉണരുന്നതായിരുന്നു ശീലം. പരീക്ഷാ ദിവസത്തെ കഠിനമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പഠനസമയത്ത് എയർ കണ്ടീഷണർ ഉപയോഗിക്കുന്നത് പോലും ശുഭം ബോധപൂർവ്വം ഒഴിവാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ നിന്നും സിനിമകളിൽ നിന്നും പൂർണ്ണമായും വിട്ടുനിന്നു.
പഠന സമ്മർദ്ദം ഒഴിവാക്കാൻ വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നത് ശുഭത്തിന്‍റെ പതിവായിരുന്നു. ഇത്തവണ രണ്ടാം റാങ്ക് നേടിയ കബീർ ഛില്ലറും ശുഭവും ഒരേ ഹോസ്റ്റലിലായിരുന്നു താമസം. പകൽ മുഴുവൻ പഠിച്ച ശേഷം വൈകുന്നേരങ്ങളിൽ ഇരുവരും ഒന്നിച്ച് ബാഡ്മിന്റൺ കളിക്കുമായിരുന്നു. ഈ സൗഹൃദം ഒടുവിൽ ഇന്ത്യയിലെ ആദ്യത്തെ രണ്ട് റാങ്കുകളിലേക്കാണ് വഴിമാറിയത്. ശുഭത്തിന് 330 മാർക്ക് ലഭിച്ചപ്പോൾ വെറും ഒരു മാർക്കിന്‍റെ വ്യത്യാസത്തിൽ 329 മാർക്കോടെയാണ് കബീർ രണ്ടാം റാങ്ക് നേടിയത്. വിവരങ്ങൾ കാണാതെ പഠിക്കുന്നതിന് പകരം ആശയങ്ങൾ ലോജിക്കലായി മനസ്സിലാക്കുന്നതാണ് വിജയത്തിന്റെ യഥാർത്ഥ താക്കോലെന്ന് ശുഭം പറയുന്നു. ഐഐടി ബോംബെയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിന് ചേരണമെന്നാണ് ശുഭത്തിന്റെ ആഗ്രഹം. കൂടുതൽ സമയം പഠിക്കുന്നതിലല്ല, മറിച്ച് കൃത്യമായ ലക്ഷ്യത്തോടെ പഠിക്കുന്നതിലാണ് കാര്യമെന്ന് ശുഭത്തിന്റെ ഈ വലിയ വിജയം തെളിയിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam