
ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് മകൻ യതീന്ദ്ര സിദ്ധരാമയ്യ. രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം സിദ്ധരാമയ്യ, മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ഉപദേഷ്ടാവാകുമെന്നും യതീന്ദ്ര പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹം സിദ്ധരാമയ്യ തള്ളി. രാജി വിഷയത്തിൽ പാർട്ടി ഉന്നതരെ വിളിച്ച് ആശയക്കുഴപ്പം നീക്കാൻ കോൺഗ്രസ് എംപി എൽ.ആർ. ശിവരാമ ഗൗഡ നടത്തിയ പ്രസ്താവനയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നതിൽ സംശയമില്ല. പക്ഷേ അന്തിമ തീരുമാനം ഹൈക്കമാൻഡിലാണെന്നും ശിവരാമ ഗൗഡ പറഞ്ഞു.
എന്നാൽ, താൻ അഞ്ച് വർഷം മുഴുവൻ മുഖ്യമന്ത്രിയായിരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിനിടെയാണ് മുഖ്യമന്ത്രി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണെന്നും ജാർക്കിഹോളിയെപ്പോലുള്ള ഒരാളെ ഉപദേശിക്കാൻ അദ്ദേഹം തീരുമാനിച്ചതായും മകൻ യതീന്ദ്ര പറയുന്നത്. അച്ഛൻ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ, ശക്തമായ പ്രത്യയശാസ്ത്രവും പുരോഗമന മനോഭാവവുമുള്ള നേതാവിനെ അദ്ദേഹത്തിന് ആവശ്യമാണ്. കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കാനും പാർട്ടിയെ ഫലപ്രദമായി നയിക്കാനും കഴിയുന്ന ഒരാളാണ് ജാർക്കിഹോളി. ഇത്രയും പ്രത്യയശാസ്ത്രപരമായ ബോധ്യമുള്ള ഒരു നേതാവിനെ കണ്ടെത്തുന്നത് അപൂർവമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും യതീന്ദ്ര പറഞ്ഞു. ജാർക്കിഹോളിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന.
തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പിതാവ് പറഞ്ഞതിനാൽ, വിശ്വാസമുള്ള ആളുകളെ ഉപദേശിക്കാൻ കഴിയുമെന്ന് മാത്രമാണ് താൻ സൂചിപ്പിക്കുന്നതെന്ന് യതീന്ദ്ര പറഞ്ഞു. അച്ഛൻ സാമൂഹിക നീതിയിലും കോൺഗ്രസ് പാർട്ടിയുടെ മതേതര തത്വങ്ങളിലും വിശ്വസിക്കുന്ന ആളാണെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. സതീഷ് ജാർക്കിഹോളിക്കും സമാനമായ ആദർശങ്ങളും വിശ്വാസങ്ങളുമുണ്ട്. 2028 ന് ശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്. അത്തരം തത്വങ്ങളുള്ള പാർട്ടിയിലെ നിരവധി യുവ നേതാക്കൾക്ക് അദ്ദേഹത്തിന് ഒരു 'മാർഗ്‌ദർശക്' ആകാൻ കഴിയുമെന്ന് മാത്രമാണ് ഞാൻ പറഞ്ഞതെന്നും യതീന്ദ്ര പിന്നീട് പറഞ്ഞു.