
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോർട്ട്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക് താൽപ്പര്യമില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൂന്ന് വർഷമായി കർണാടക മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ഈ സ്ഥാനം ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കൈമാറാനാണ് ഹൈക്കമാൻഡ് നിർദ്ദേശം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ദില്ലിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് രാജിക്കാര്യത്തിൽ തീരുമാനമായത്. അതേസമയം ദേശീയ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും സംസ്ഥാനത്ത് തന്നെ തുടരാനാണ് ആഗ്രഹമെന്നും സിദ്ദരാമയ്യ വ്യക്തമാക്കി. എങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം അനുസരിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ അദ്ദേഹം സന്നദ്ധത അറിയിച്ചു. ഉടൻ തന്നെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചുചേർക്കുമെന്നും, അതിൽ സിദ്ദരാമയ്യ തൻ്റെ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് വിവരം. കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഡി. ദേവരാജ് അരശിൻ്റെ റെക്കോർഡ് സിദ്ധരാമയ്യ അടുത്തിടെ മറികടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam