'ഇഡി'ക്ക് കരുത്ത് കൂടും; ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്രം; ആയിരത്തിലധികം നിയമനങ്ങൾ നടത്തും

Published : May 28, 2026, 07:37 AM ISTUpdated : May 28, 2026, 07:44 AM IST
Enforcement Directorate

Synopsis

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൽ (ഇഡി) കൂടുതൽ നിയമനം നടത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതി. വിവിധ വിഭാഗങ്ങളിൽ 60 ശതമാനത്തോളം ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനായി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. 

ദില്ലി: രാജ്യത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്ര സർക്കാർ. വിവിധ വിഭാഗങ്ങളിൽ 60 ശതമാനത്തോളം ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടും. അന്വേഷണ ഉദ്യോഗസ്ഥരും ജീവനക്കാരുമായി 1,200ലധികം പേരെ കൂടി നിയമിക്കാൻ കേന്ദ്ര സർക്കാർ ബുധനാഴ്ച അംഗീകാരം നൽകി. ഇതിനായി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി.

കഴിഞ്ഞ 15 വർഷത്തിന് ശേഷമാണ് ഇഡിയിൽ കേഡർ പുനസംഘടന നടക്കുന്നത്. എക്സിക്യൂട്ടീവ്, ലീഗൽ, അഡ്ജുഡിക്കേഷൻ, സിസ്റ്റംസ്, മിനിസ്റ്റീരിയൽ, സെക്യൂരിറ്റി, സപ്പോർട്ട് സ്റ്റാഫ് എന്നീ ആറ് കേഡറുകളിലാണ് പുതിയ നിയമനം നടത്തുന്നത്. രാജ്യവ്യാപകമായി നിലവിൽ 2,029 ഉദ്യോഗസ്ഥരാണ് ഇഡിക്ക് ഉള്ളത്. ഇത് 3,256 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

എക്സിക്യൂട്ടിവ് കേഡർ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ നിയമനം നടത്തുക. ഡെപ്യൂട്ടി ഡയറക്ടർമാരുടെ എണ്ണം 148ൽനിന്ന് 267 ആയി ഉയർത്തും. അസിസ്റ്റൻ്റ് എൻഫോഴ്സ്മെൻ്റ് ഓഫീസർ തസ്തികയിൽ 803 പേരെയും എൻഫോഴ്സ്മെൻ്റ് ഓഫീസർ തസ്തികയിൽ 606 പേരെയും അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് എൻഫോഴ്സ്മെൻ്റ് തസ്തികയിൽ 531 പേരെയുമാണ് പുതിയതായി നിയമിക്കുക. എൻഫോഴ്സ്മെൻ്റ് അഡീഷണൽ ഡയറക്ടർമാരുടെ എണ്ണം പത്തിൽനിന്ന് 24 ആയി കൂട്ടും. കൂടാതെ, ജോയിൻ്റ് ഡയറക്ടർമാരുടെ എണ്ണം 28ൽനിന്ന് 49 ആയും വർധിപ്പിക്കും. അതേസമയം ഡയറക്ടർ, സ്പെഷ്യൽ ഡയറക്ടർ എന്നീ തസ്തികകളിലെ എണ്ണം യഥാക്രമം, ഒന്ന്, ഏഴ് എന്നിങ്ങനെ തന്നെ തുടരും.

ഏറ്റവും ഒടുവിൽ 2011ലാണ് ഇഡിയിൽ കേഡർ പുനസംഘടന നടന്നത്. 70 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇഡി, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, സാമ്പത്തിക കുറ്റകൃത്യം ചെയ്ത് രാജ്യം വിടുന്നവർക്കെതിരെയുള്ള നിയമം എന്നീ രണ്ട് കർശന നിയമങ്ങളിലെ ക്രിമിനൽ വകുപ്പുകളും വിദേശനാണ്യ വിനിമയ ചട്ടത്തിലെ സിവിൽ വകുപ്പുകളുമാണ് കൈകാര്യം ചെയ്യുന്നത്.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ അക്രമം; റിപ്പോർട്ട് തേടി കേന്ദ്രം

കേരളത്തിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമണം നേരിട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും റിപ്പോർട്ട് തേടി. ഇതനുസരിച്ച് ഇഡി ഡയറക്ടർ രണ്ടു മന്ത്രാലയങ്ങൾക്കും റിപ്പോർട്ട് നൽകി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷം വാഹനത്തിൽ മടങ്ങിയ ഉദ്യോഗസ്ഥർക്കുനേരെ ആണ് ആക്രമണം ഉണ്ടായത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം പ്രതിഷേധവുമായി പാഞ്ഞടുത്ത സിപിഎം പ്രവർത്തകർ ഇഷ്ടികയും കമ്പും ഉപയോഗിച്ചു തകർത്തു. സംഭവത്തിൽ ഇഡി ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം വിഷയം, ബിജെപി ദേശീയതലത്തിൽ കാര്യമായി ചർച്ചയാക്കിട്ടിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അർദ്ധനഗ്നരാക്കി തെരുവിലൂടെ നടത്തിക്കും, കുറ്റവാളികളെ ഭയപ്പെടുത്താൻ ബംഗാളിൽ പുതിയ നീക്കവുമായി ബിജെപി സർക്കാർ
രാജ്യത്തെ എല്ലാ പൗരന്മാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന; താപനില കുതിച്ചുയരുന്നു, സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം