യുഎപിഎ കേസില്‍ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം

By Web TeamFirst Published Sep 9, 2022, 1:25 PM IST
Highlights

യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

ദില്ലി: ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തം എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയു

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പൻ 2020 ഒക്ടോബർ അഞ്ചിന് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട്  പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പൻ സുപ്രീംകോടതിയില്‍ എത്തിയത്. യുപി സർക്കാരിന് എന്ത് തെളിവുകളാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത് ചീഫ് ജസറ്റിസ് യു യു ലളിത് അധ്യക്ഷനായി ബെഞ്ച് ഇന്ന് ചോദിച്ചു. ഐഡി കാര്‍ഡുകളും ചില ലഘുലേഖകളും കണ്ടെത്തിയെന്നായിരുന്നു യുപി സർക്കാരിന്‍റെ അഭിഭാഷകൻ മഹേഷ് ജഠ്മലാനിയുടെ വാദം.  

എന്നാല്‍ അമേരിക്കയിലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന്‍റെ ലഘുലേഖ എങ്ങനെ ഹാത്രസിലെ കലാപത്തിന് തെളിവാകുമെന്ന് സിദ്ദിഖ് കാപ്പന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു. യുപി സർക്കാരന്‍റെ വാദങ്ങള്‍ അംഗീകരിക്കാതിരുന്ന കോടതി ഇത്രയും കാലം ജയിലില്‍ കിടന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുകയാണെന്ന് വ്യക്തമാക്കി. അടുത്ത ആറാഴ്ച ദില്ലിയില്‍ തങ്ങാനും അന്വേഷണം പൂർത്തിയാക്കാന്‍ സഹകരിക്കാനും കോടതി നിര്‍ദേശം നല്‍കി. ആരോപണ വിധേയരെ ഈ സമയത്ത് കാണരുത്, ആറാഴ്ചക്ക്  ശേഷം കാപ്പന് കേരളത്തില്‍ പോകാനും കോടതി അനുമതി നല്‍കി. എന്നാല്‍ അക്കൗണ്ടിലേക്ക് പണം വന്നത് ചൂണ്ടിക്കാട്ടി ഇഡി രജിസ്റ്റർ ചെയ്ത ഒരു കേസില്‍ കൂടി കാപ്പന് ജാമ്യം കിട്ടേണ്ടതുണ്ട്.  

കഴി‌ഞ്ഞ രണ്ട് വർഷത്തിനിടെ ഒരു തവണ ചികിത്സയ്ക്കായി ദില്ലിയിലേക്ക് വരാൻ  സിദ്ധിഖ് കാപ്പന് സുപ്രീംകോടതി അനുവാദം നല്‍കിയിരുന്നു. ഇത്ര കാലമായിട്ടും കാപ്പന് എതിരെയുള്ള ശക്തമായ തെളിവുകള്‍ ഒന്നും കണ്ടെത്താൻ യുപി പൊലീസിന് ആയില്ല എന്ന സൂചന നല്‍കുന്നതാണ് സുപ്രീംകോടതിയിലെ ഇന്നത്തെ നടപടികള്‍.  

click me!