
ദില്ലി: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്‍റെ പുതിയ പരിശോധനാഫലം നെഗറ്റീവ്. ലഖ്നൗവിലുള്ള സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ഡിസ്ചാർജ് ചെയ്തു. ആശുപത്രി വിട്ടെങ്കിലും കനിക കപൂർ 14 ദിവസം വീട്ടിൽ കരുതൽ നിരീക്ഷണത്തിൽ തുടരും.
മാർച്ച് 20 നാണ് ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ കനിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലണ്ടനില്‍ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെച്ച് വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ലഖ്നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവര്‍ ഒരു പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ചില ബോളിവുഡ് താരങ്ങളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
തുടര്‍ന്ന് പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്ന വിധത്തില്‍ അലക്ഷ്യമായി പെരുമാറിയതിന് കനികയ്ക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം താമസിച്ചത് കനിക തങ്ങിയ അതേ ഹോട്ടലിലാണെന്നും പിന്നീട് പൊലീസ് മനസിലാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam