എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി; അഭിമാനബോധം വളർത്തുന്നതിനെന്ന് യോഗി ആദിത്യനാഥ്

Published : Nov 10, 2025, 06:06 PM IST
school assembly

Synopsis

യോഗി ആദിത്യനാഥ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തോടുള്ള ബഹുമാനം വളർത്താനാണ് ഈ നീക്കമെന്നും ദേശീയ ഗീതത്തെ എതിർക്കുന്നവരെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. 

ലഖ്നൗ: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഗോരഖ്പൂരിൽ നടന്ന 'ഏകതാ യാത്ര'യിലും വന്ദേമാതരം കൂട്ടത്തോടെ ആലപിക്കുന്ന പരിപാടിയിലും സംസാരിക്കുമ്പോൾ രാജ്യത്തോടുള്ള ബഹുമാനവും അഭിമാനബോധവും വളർത്തുന്നതിനാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. "ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം. ഉത്തർപ്രദേശിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഞങ്ങൾ ഇത് നിർബന്ധമാക്കും," യോഗി ആദിത്യനാഥ് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ജിന്നയെ പരാമർശിച്ചുള്ള വിമർശനം

കൂടാതെ, ദേശീയ ഗീതത്തെ എതിർക്കുന്നവരെ വിമർശിക്കാൻ ആദിത്യനാഥ് അഖിലേന്ത്യാ മുസ്ലീം ലീഗ് നേതാക്കളായ മുഹമ്മദ് അലി ജിന്നയുടെയും മുഹമ്മദ് അലി ജൗഹറിന്‍റെയും പേരുകൾ പരാമർശിച്ചു. ഇത്തരം എതിർപ്പുകൾ ഇന്ത്യയുടെ ഐക്യത്തെ ദുർബലപ്പെടുത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. "ഒരു സമാജ്‌വാദി പാർട്ടി എംപി വീണ്ടും ദേശീയ ഗീതത്തിനെതിരെ പ്രതിഷേധിച്ചു. ഇന്ത്യയുടെ അഖണ്ഡതയുടെ ശിൽപിയായ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷികത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഇതേ ആളുകളാണ് ജിന്നയെ ആദരിക്കുന്ന പരിപാടികളിൽ ലജ്ജയില്ലാതെ പങ്കെടുക്കുന്നത്" ആദിത്യനാഥ് പറഞ്ഞു.

ഇന്ത്യയിൽ ഒരു പുതിയ ജിന്നയും ഇനി ഉയർന്നു വരുന്നില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തിന്‍റെ അഖണ്ഡതയെ ആരെങ്കിലും ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടാൽ, അത്തരം വിഭജന ലക്ഷ്യങ്ങളെ അത് വേരൂന്നുന്നതിന് മുമ്പ് തന്നെ ഇല്ലാതാക്കണമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. "1896 മുതൽ 1922 വരെ എല്ലാ കോൺഗ്രസ് സെഷനുകളിലും വന്ദേമാതരം ആലപിച്ചിരുന്നു, എന്നാൽ 1923-ൽ ജൗഹർ കോൺഗ്രസ് പ്രസിഡന്‍റായപ്പോൾ, ഗീതം തുടങ്ങിയ ഉടൻ അദ്ദേഹം ഇറങ്ങിപ്പോവുകയും പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. സഹോദരീ സഹോദരന്മാരെ, വന്ദേമാതരത്തോടുള്ള ആ എതിർപ്പ് ഇന്ത്യയുടെ വിഭജനത്തിന് നിർഭാഗ്യകരമായ കാരണങ്ങളിലൊന്നായി മാറി," അദ്ദേഹം കൂട്ടിച്ചേർത്തു.

വന്ദേമാതരത്തിന്‍റെ 150-ാം വാർഷികം

ദേശീയ ഗീതത്തിന്‍റെ 150-ാം വാർഷികം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിൽ വർഷം മുഴുവനും നീണ്ടുനിൽക്കുന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമാകുകയും ദേശീയ അഭിമാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായി നിലനിൽക്കുകയും ചെയ്യുന്ന ഈ ഗീതത്തിന്‍റെ 150 വർഷം ആഘോഷിക്കുന്നതിനായി, 2024 നവംബർ ഏഴ് മുതൽ 2026 നവംബർ ഏഴ് വരെ നീണ്ടുനിൽക്കുന്ന രാജ്യവ്യാപകമായ ആഘോഷങ്ങൾക്ക് ഈ പരിപാടി തുടക്കം കുറിച്ചു.

പ്രശസ്ത കവി ബങ്കിം ചന്ദ്ര ചാറ്റർജി 1875 നവംബർ ഏഴിന് അക്ഷയ നവമി ദിനത്തിലാണ് വന്ദേമാതരം രചിച്ചത്. ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിന്‍റെ ഭാഗമായി 'ബംഗദർശൻ' എന്ന സാഹിത്യ ജേണലിലാണ് ഈ ഗീതം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പരിപാടിക്ക് ശേഷം സംസാരിച്ച പ്രധാനമന്ത്രി മോദി, ഈ ആഘോഷം രാജ്യത്തെ നിരവധി പൗരന്മാർക്ക് പുതിയ പ്രചോദനം നൽകുമെന്നും പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി