
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 91 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തതായി റിപ്പോർട്ട്. രാജ്യത്ത് വിവിധ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ യാതൊരു മുന്നൊരുക്കവും ഇല്ലാതെ പെട്ടന്നുള്ള വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിഷേധം നിലനിൽക്കെയാണ് ഇത്രയധികം വോട്ടർമാർ പട്ടികയിൽ നിന്നും പുറത്താകുന്നത്.
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും (2011, 2016, 2021) മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. 34 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് 2011ൽ തൃണമൂൽ അധികാരത്തിൽ വന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യക്തമായ പ്രാധിനിത്യം മമത വെച്ചുപ്പുലർത്തുന്നുണ്ട്. ബിജെപി രാഷ്ട്രീയത്തോട് ഇടഞ്ഞു നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നുകൂടിയാണ് പശ്ചിമ ബംഗാൾ. അടുപ്പിച്ച് മൂന്നു തവണ മുഖ്യമന്ത്രിയായ മമത ഇത്തവണയും ഭരണ തുടർച്ചയാണ് ലക്ഷ്യമിടുന്നത്. എന്നാൽ വോട്ടർ പട്ടികയിലെ പരിഷ്ക്കാരങ്ങൾ ഇത്തവണ തിരിച്ചടിയായാൽ ത്രണമൂൽ കോൺഗ്രസിന് തുടർ ഭരണം ഒരു വെല്ലുവിളിയായി മാറും.
അതേസമയം, ഇക്കുറി എങ്ങനെയെങ്കിലും ഭരണം പിടിച്ചടക്കുകയാണ് പ്രതിപക്ഷമായ ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇതൊരു ജീവൻ മരണ പോരാട്ടം കൂടിയാണ്. എണ്ണത്തിൽ കുറച്ച് സീറ്റെങ്കിലും പിടിക്കാനായാൽ ഇരു കൂട്ടർക്കും ആശ്വാസമാണ്. ആർ ജി കാർ ആശുപത്രിയിലെ ട്രെയിനി നേഴ്സിന്റെ ബലാത്സംഗ കൊലപാതകവും ഇക്കുറി മമതയ്ക്ക് എതിരെ ആരോപണങ്ങളായി ഉന്നയിക്കുന്നുണ്ട്. മാത്രമല്ല ഇരയാക്കപ്പെട്ട യുവതിയുടെ മാതാവ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതുകൊണ്ട് തന്നെ വിഷയം വീണ്ടും ചർച്ചയാകാനും സാധ്യത കൂടുതലാണ്.
വോട്ടർ പട്ടിക പരിഷ്കരണം മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കി. നന്ദിഗ്രാം പോലെയുള്ള മണ്ഡലങ്ങളിൽ ഒഴിവാക്കപ്പെട്ടവരിൽ 95.5 ശതമാനവും മുസ്ലീങ്ങളാണെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സാബിർ അഹമ്മദ് പറയുന്നത്. എ.ഐ ഉപയോഗിച്ചുള്ള പരിശോധന വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചതെന്നുമാണ് റിപ്പോർട്ട്. എന്നാൽ, തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ ഇക്കുറി ഇല്ലാതായ വോട്ടുകളിൽ ആശങ്ക നിലനിൽക്കുമ്പോൾ തന്നെ ജനം വോട്ടിലൂടെ മറുപടി പറയുമെന്നും ബിജെപി നിയന്ത്രണത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ എന്നും ഇതിനെതിരെയുള്ള ജനരോഷം വോട്ടിലൂടെ അറിയിക്കണമെന്നും മമത വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam