
ദില്ലി: വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയില്‍ വന്‍ വാക്കേറ്റം. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ രാജ്യദ്രോഹം വോട്ട് മോഷണമാണെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. സര്‍വകാശാലകളെയും അന്വേഷണ ഏജന്‍സികളെയും നിയന്ത്രണത്തിലാക്കിയ ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വരുതിയിലാക്കി കഴിഞ്ഞെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും അടുപ്പക്കാരായിരുന്നു യുപിഎ ഭരണഘടന സ്ഥാപനങ്ങളുടെ തലപ്പെത്തെന്നും, സര്‍ദാര്‍ പട്ടേലിനെ വെട്ടി നെഹ്റു പ്രധാനമന്ത്രിയായതാണ് രാജ്യത്തെ ആദ്യ വോട്ട് ചോരിയെന്നും ബിജെപി തിരിച്ചടിച്ചു.
ലോക്സഭയിൽ സ്പീക്കറും പാര്‍ലെമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജുവുമടക്കം രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തി. ഉന്നയിച്ച ഒരു ചോദ്യത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനോ, സര്‍ക്കാരോ മറുപടി നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണറെ നിശ്ചയിച്ച പാനലില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ മാറ്റിയെന്ന് രാഹുല്‍ ചോദിച്ചു. പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന ഉത്തരവ് എന്തിന് കൊണ്ടുവന്നുവെന്നും ബ്രസീലിയന്‍ മോഡലിന്‍റെ ചിത്രം ഹരിയാനയിലെ വോട്ടര്‍പട്ടികയില്‍ എങ്ങനെ വന്നുവെന്നും രാഹുല്‍ ചോദിച്ചു. ഇവിഎം എന്തുകൊണ്ട് സാങ്കേതിക വിദഗ്ധരെ കൊണ്ട് പരിശോധിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചോദിച്ച രാഹുല്‍, പ്രധാനമന്ത്രിയുടെ ഷെഡ്യൂള്‍ നോക്കിയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതെന്നും ആരോപിച്ചു.
രാഷ്ട്രപതിയേയും ഭരണഘടന സ്ഥാപനങ്ങളെയും യുപിഎ കാലത്ത് കോൺഗ്രസ് റബ്ബര്‍ സ്റ്റാമ്പാക്കിയെന്ന് ബിജെപി തിരിച്ചടിച്ചു. സോണിയ ഗാന്ധിയുടെ സെക്യൂരിറ്റി ഓഫീസര്‍ സിബിഐ മേധാവിയായി, എം കെ നാരായണനെ ഗവര്‍ണ്ണറാക്കി, ടി എന്‍ ശേഷനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. ഉദാഹരണങ്ങള്‍ എത്ര വേണമെന്ന് രാഹുലിനോട് ഏറ്റുമുട്ടാന്‍ നിയോഗിച്ച നിഷികാന്ത് ദുബൈ എംപി ചോദിച്ചു. വോട്ട് ചോരിയിലെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ശക്തമായ ആക്രമണമാണ് അമിത്ഷായുടേതടക്കം സാന്നിധ്യത്തില്‍ സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയത്. പ്രധാമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam