ബിഹാറില്‍ നിലം പരിശായ കോണ്‍ഗ്രസിന് വീണ്ടും പ്രഹരം; ആറ് എംഎൽഎമാർ എൻഡിഎയിലേക്ക്, അനുനയശ്രമങ്ങൾ പാളുന്നു

Published : Jan 15, 2026, 09:53 PM IST
Six Congress MLAs to join NDA

Synopsis

വോട്ട് ചോരി ആരോപണവുമായി ബിഹാറില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് നിലം പരിശായ കോണ്‍ഗ്രസിന് ഇരട്ട പ്രഹരം. മുഴുവന്‍ എംഎല്‍എമാരും എന്‍ഡിഎയിലേക്ക് കൂറ് മാറാൻ നീക്കം തുടങ്ങി

ദില്ലി: വോട്ട് ചോരി ആരോപണവുമായി ബിഹാറില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് നിലം പരിശായ കോണ്‍ഗ്രസിന് ഇരട്ട പ്രഹരം. മുഴുവന്‍ എംഎല്‍എമാരും എന്‍ഡിഎയിലേക്ക് കൂറ് മാറാൻ നീക്കം തുടങ്ങി. പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരും ജെഡിയു വഴി എന്‍ഡിഎയുടെ ഭാഗമാകാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. എഐസിസി ഇടപെട്ടെങ്കിലും അനുനയ ചര്‍ച്ചക്ക് എംഎല്‍എമാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കരസംക്രാന്തിയോട് അനുബന്ധിച്ച് പാറ്റ്നയിലെ സദാഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പരമ്പരാഗതമായ 'ദഹി-ചുര' വിരുന്നിൽ നിന്ന് ആറ് എംഎൽഎമാരും വിട്ടുനിന്നതാണ് ബിഹാർ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. കോൺഗ്രസ് എംഎൽഎമാർ എൻഡിഎ നേതാക്കളുമായി ആശയവിനിമയങ്ങൾ നടത്തിയെന്നാണ് വാര്‍ത്തകൾ പുറത്ത് വരുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് പാർട്ടി പരിപാടികളിൽ നിന്ന് എംഎൽഎമാർ കൂട്ടത്തോടെ വിട്ടുനിൽക്കുന്നത്. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ചർച്ച ചെയ്യാൻ സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് മൂന്ന് എംഎൽഎമാർ വിട്ടുനിന്നിരുന്നു. മനോഹർ പ്രസാദ് സിംഗ്, സുരേന്ദ്ര പ്രസാദ്, അഭിഷേക് രഞ്ജൻ, അബിദുർ റഹ്മാൻ, മുഹമ്മദ് ഖമ്രുൽ ഹോദ, മനോജ് ബിസ്വാൻ എന്നിവരാണ് 'ദഹി-ചുര' വിരുന്നിൽ നിന്നത്.

കോൺഗ്രസ് നിലപാട്

എംഎൽഎമാർക്ക് മറ്റ് തിരക്കുകൾ ഉള്ളതുകൊണ്ടാണ് വരാതിരുന്നതെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാം പറഞ്ഞു. രാഷ്ട്രീയ എതിരാളികൾ പടച്ചുവിടുന്ന കിംവദന്തികൾ മാത്രമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എന്നാല്‍, 15ന് ശേഷം കോൺഗ്രസ് എംഎൽഎമാർ എൻഡിഎയിൽ ചേരുമെന്ന് ലോക ജനശക്തി പാർട്ടി (രാം വിലാസ്) മന്ത്രി സഞ്ജയ് സിംഗ് അവകാശപ്പെട്ടു. കോൺഗ്രസിന് പുറമെ ആർജെഡി എംഎൽഎമാരും എൻഡിഎയിലേക്ക് നീങ്ങുന്നതായി ബിജെപി നേതാവ് രാം കൃപാൽ യാദവ് സൂചിപ്പിച്ചു. എന്നാൽ ആർജെഡി ഇത് നിഷേധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് കേവലം ആറ് സീറ്റുകൾ മാത്രമാണ് നേടാനായത്. ഈ ആറ് എംഎൽഎമാരും കൂറുമാറിയാൽ ബിഹാറിൽ കോൺഗ്രസ് വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങും.

അതേസമയം, ജെഡിയുവിന്‍റെ ഭാഗമാകാനാണ് കോൺഗ്രസിന്‍റെ എല്ലാ എംഎൽഎമാരുടെയും നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. ആറ് എംഎല്‍എമാരുമായും മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസാരിച്ചെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടിയുടെ പരിപാടികളില്‍ നിന്നും സംഘടനാ യോഗങ്ങളില്‍ നിന്നും എംഎല്‍എമാര്‍ പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയാണ്. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഇനി വളര്‍ച്ചയില്ലെന്നും നയങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നുമാണ് എംഎല്‍എമാരുടെ നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനെ അമേരിക്ക ആക്രമിച്ചേക്കുമെന്ന് അഭ്യൂഹം; പശ്ചിമേഷ്യയാകെ ആശങ്കയിൽ; പതിനായിരത്തോളം ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി
എല്ലാ രാജ്യങ്ങളുടെയും വികസനത്തിൽ ഇന്ത്യക്ക് പങ്കാളിയാകാൻ കഴിയുമെന്ന് മോദി; 'ഗ്ലോബൽ സൗത്തിന് വേണ്ടിയുള്ള പുതിയ വഴി തുറക്കേണ്ട സമയം'