
ഛണ്ഡീഗഡ്: ആറ് വ്യത്യസ്ത ഇനം നായകളെ വളർത്തുന്നത് നിരോധിച്ചുകൊണ്ട് ഛണ്ഡീഗഡ് മുനിസിപ്പൽ കോർപറേഷൻ ഉത്തരവിറക്കി. അമേരിക്കൻ ബുൾഡോഗ്, അമേരിക്കൻ പിറ്റ്ബുൾ, ബുൾ ടെറിയർ, കെയ്ൻ കോർസോ, ഡോഗോ അർജൻ്റീനോ, റോട്ട്‌വീലർ എന്നിവയെ വളർത്തുന്നതാണ് നിരോധിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. എന്നാൽ ഇതിനോടകം ഈ നായകളെ വളർത്തിക്കൊണ്ടിരിക്കുന്നവർക്ക് നിയന്ത്രണം ബാധകമാവില്ല.
ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വിജ്ഞാപനമായി കോർപറേഷൻ പുറത്തിറക്കി. ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന നായകൾക്കാണ് നിരോധനം. എങ്കിലും 45 ദിവസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ഇനം നായകളുടെ ഉടമസ്ഥർ ഇതുവരെ നഗരസഭയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്യാനാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്.
ഈ ആറിനം നായകളെ ആർക്കും പുതുതായി വാങ്ങാനോ വിൽക്കാനോ അനുമതിയില്ല. ഇവയുടെ പ്രജനനവും വിലക്കി. ഈ നായകളെ ഇപ്പോൾ കൈവശം വെയ്ക്കുന്നവർക്കും മാർഗനിർദേശമുണ്ട്. ഈ നായകളുമായി പുറത്തിറങ്ങുന്ന ഉടമകൾ നായകളുടെ മുഖം മാസ്‌ക് ഉപയോഗിച്ച് മൂടണം. സുഖ്‌ന തടാകം, റോസ് ഗാർഡൻ, ശാന്തി കുഞ്ച്, റോക്ക് ഗാർഡൻ, ലീഷർ വാലി, ബൗഗൻവില്ല ഗാർഡൻ, ചണ്ഡീഗഡ് ബൊട്ടാണിക്കൽ ഗാർഡൻ സാരംഗ്പൂർ എന്നിവിടങ്ങളിലേക്കൊന്നും നായകളെ കൊണ്ടുപോകരുത്. നായ്ക്കൾ പൊതുസ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തിയാൽ, ഉടമ വിസർജ്യം കോരി ഒരു പൂപ്പ് ബാഗിലാക്കി ശരിയായ സംസ്കരണ രീതി/ഉപകരണങ്ങൾ ഉപയോഗിച്ച് മാലിന്യം സംസ്കരിക്കണം, അല്ലാത്തപക്ഷം ഉടമയ്ക്ക് പിഴ ചുമത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam