
നാസിക്: കാർ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികിൽ കൽവൻ താലൂക്കിലെ സപ്തസ്രിങ് ഗർ ഗാട്ടിലാണ് അപകടമുണ്ടായത്. നാസിക് സ്വദേശികളായ ആറ് പേർ സഞ്ചരിച്ച ഇന്നോവ കാർ വൈകിട്ട് നാല് മണിയോടെ അപകടത്തിൽപെടുകയായിരുന്നു.
കീർത്തി പട്ടേൽ (50), രസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസും രക്ഷാപ്രവർത്തകരും.
സംഭവത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. അങ്ങേയറ്റം ദാരുണമായ അപകടമെന്ന് പറഞ്ഞ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ച ആറ് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാസികിലെ സപ്തശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവർ. എംഎച്ച് 15 ബിഎൻ 555 നമ്പർ വാഹനത്തിലാണ് ഇവർ സഞ്ചരിച്ചത്.
മലയുടെ മുകൾ ഭാഗത്ത് വച്ച് റോഡിൽ നിന്ന് വാഹനം തെന്നി മാറി കൊക്കയിലേക്ക് പതിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അപകടത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.