
ചെന്നൈ: ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിലേക്ക് നുഴഞ്ഞു കയറിയെന്ന മുന്നറിയിപ്പിനെ തുടർന്ന് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ദില്ലിയിലും അതീവ ജാഗ്രത തുടരുന്നു. ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന് സംശയിക്കുന്ന തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്ന് ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. തന്ത്രപ്രധാന മേഖലകളിലും ആരാധനാലയങ്ങളിലും ഉള്‍പ്പടെ സുരക്ഷ കൂട്ടിയിട്ടുണ്ട്.
ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ശ്രീലങ്കയില്‍ നിന്ന് അനധികൃത ബോട്ടില്‍ തമിഴ്നാട് തീരത്ത് എത്തിയ ഭീകരര്‍ കോയമ്പത്തൂരിലേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വറെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥരീകരിച്ചു.
ഭീകരര്‍ക്ക് യാത്രാ സഹായം ഉള്‍പ്പടെ ഒരുക്കിയ തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന്‍റേത് എന്ന് സംശയിക്കുന്ന യാത്രാ രേഖകള്‍ തമിഴ്നാട് പൊലീസിന് ലഭിച്ചു. വേളാങ്കണി പള്ളിയില്‍ ഉള്‍പ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ശ്രീലങ്കയുമായി ഏറ്റവും ദൂരം കുറഞ്ഞ സ്ഥലമായതിനാല്‍ മുത്തുപ്പേട്ടയില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള നാഗപട്ടണത്തിന് സമീപത്തെ വേദരാണ്യത്തും പൊലീസ് തിരച്ചില്‍ ശക്തമാക്കി.
വേഷപ്രച്ഛന്നരായി ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ വ്യാഴാഴ്ച്ച രാത്രി കണ്ടെന്ന് കോയമ്പത്തൂരിലെ പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇവര്‍ താമസിച്ചതെന്ന കരുതുന്ന ലോഡ്ജ് കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പൊലീസുകാരെയാണ് തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്നാടിന് പുറമേ കര്‍ണാടക, ആന്ധ്ര, പുതുച്ചേരി, ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam