സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; കേസിൽ ഏഴ് പേർ അറസ്റ്റിൽ

Published : May 27, 2019, 09:47 AM ISTUpdated : May 27, 2019, 10:01 AM IST
സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകം; കേസിൽ ഏഴ് പേർ അറസ്റ്റിൽ

Synopsis

വാസിം, നാസിം, ​ഗോലു, രാമചന്ദ്ര, ധർമനാഥ ​ഗുപ്ത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ സഹായി വെടിയേറ്റ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ബരോളിയ ​ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിം​ഗിന് നേരെ വെടിയുതിർത്ത കേസിൽ അഞ്ച് പേര്‍കൂടി അറസ്റ്റിലായി.  വാസിം, നാസിം, ​ഗോലു, രാമചന്ദ്ര, ധർമനാഥ ​ഗുപ്ത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. സുരേന്ദ്ര സിം​ഗിന്റെ സഹോദരൻ നരേന്ദ്ര സിം​ഗിന്റെ പരാതിയിൻമേലാണ് പൊലീസ് നടപടി. അമേഠിയിലെ ജാമോ പൊലീസ് സ്റ്റേഷനിലാണ് നരേന്ദ്ര സിം​ഗ് പരാതി നൽകിയത്. 

സംഭവം നടന്ന ദിവസം (മെയ് 25 ശനിയാഴ്ച) രാത്രി 11.30-ഓടെ ബൈക്കിലെത്തിയ അക്രമികൾ വീടിന് മുന്നിലെ വരാന്തയിൽ ഉറങ്ങുകയായിരുന്ന സുരേന്ദ്ര സിം​ഗിന് നേരെ നിറയൊഴിക്കുകയായിരുന്നു. മരുമക്കളായ അഭയ്, അനുരാ​ഗ് എന്നിവർക്കൊപ്പമാണ് സുരേന്ദ്ര സിം​ഗിന് കിടന്നിരുന്നത്. വെടിയുതിർക്കുന്നതിന്റെ ശബ്ദം കേട്ട് ഉമ്മറത്തെത്തിയപ്പോഴാണ് തലയ്ക്ക് വെടിയേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സഹോദരനെ കാണുന്നത്. വെടിവച്ച സമയത്ത് വീടിന്റെ ഉമ്മറത്ത് കൂടി വാസിം, നാസിം, ​ഗോലു, രാമചന്ദ്ര എന്നിവർ ഓടിപോകുന്നത് കണ്ടതായും നരേന്ദ്ര സിം​ഗ് നൽകിയ പരാതിയിൽ ആരോപിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ധർമനാഥ ​ഗുപ്ത എന്നയാളുമായി സുരേന്ദ്ര സിം​ഗ് തർക്കത്തിലായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ രാമചന്ദ്രയും തങ്ങളുടെ അടുത്തബന്ധുവും തമ്മിൽ തർക്കമുണ്ടായിരുന്നതായും നരേന്ദ്ര സിം​ഗ് പറ‍ഞ്ഞു. ഐപിസി 302 (കൊലപാതകം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് ജാമോ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജീവ് സിം​ഗ് പറഞ്ഞു.  

അതേസമയം, രാഷ്ട്രീയ വൈരാ​ഗ്യമോ പഴയ തർക്കമോ ആയിരിക്കാം കൊലപാതകത്തിന് പിന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അടുത്ത 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നതായും ഡിജിപി ഓം പ്രകാശം സിം​ഗ് വ്യക്തമാക്കി. കേസിൽ ഉടൻ നടപടി എടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിർദ്ദേശം നൽകിയതായും ഡിജിപി പറഞ്ഞു.2014-ലെ തെരഞ്ഞെടുപ്പ് മുതൽ സ്മൃതിക്കൊപ്പം പ്രവർത്തിക്കുന്നയാളാണ് സുരേന്ദ്ര. ലോക്സഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയ സ്മൃതി ഇറാനിയുടെ അടുത്ത അനുനായി വെടിയേറ്റ് മരിച്ചെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് അമേഠി ജനത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു