
ദില്ലി: ഒരു ആള്‍ക്കെതിരായ പരാമര്‍ശമല്ല മറിച്ച് ഒരു സമുദായത്തിനെതിരായ പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒബിസി വിഭാഗമായ ഒരു സമുദായത്തിനെയാണ് രാഹുല്‍ ഗാന്ധി അപമാനിച്ചത്. ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സ്മൃതി ഇറാന്. ലണ്ടനിലും ഇന്ത്യയിലും പാര്‍ലമെന്‍റ്ന് അകത്തും പുറത്തും നുണ പറയുന്നത് രാഹുല്‍ തുടരുകയാണ്. രാഷ്ട്രീയപരമായ രാഹുല്‍ ഗാന്ധിയുടെ ചിത്തഭ്രമം പൂര്‍ണമായ രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം രാജ്യത്തിന്‍റെ വികസനമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
ലോക് സഭാംഗത്വം റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. 30 ദിവസത്തിനുള്ളില്‍ ഔദ്യോഗിക വസതി ഒഴിയണമെന്നാണ് നോട്ടീസ് വിശദമാക്കുന്നത്. രാജ്യ വ്യാപകമായി രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധം തുടരുന്നതിനിടയിലാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം. മോദി സമുദായത്തെ ഒന്നടങ്കം അപമാനിച്ചുവെന്ന പരാതിയില്‍ സൂറത്ത് കോടതി അദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്നാണ് ലോക്സഭ സെക്രട്ടേറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ ഭിന്നത മറന്ന് പ്രതിപക്ഷം ഒന്നിച്ചത് ബിജെപിക്ക് തിരിച്ചടിയായാണ് കണക്കാക്കുന്നത്. അദാനി വിഷയത്തിലടക്കമുണ്ടായ ഭിന്നത മുതലാക്കുന്നതിനിടെ രാഹുലിനെതിരായ നടപടിയുടെ വേഗം കൂട്ടിയത് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെയെല്ലാം മറികടക്കാനായി രാഹുല്‍ ഒബിസി വിഭാഗങ്ങളെ അപമാനിച്ചുവെന്ന പ്രചാരണം അടുത്ത ആറ് മുതല്‍ പതിനാല് വരെ രാജ്യവ്യാപകമായി നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു.