നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ച് വീഴ്ത്തി; ​ഗുരുതരാവസ്ഥയിലായ പാക് ഭീകരന് രക്തം നൽകി ഇന്ത്യൻ സൈനികർ

By Web TeamFirst Published Aug 25, 2022, 11:52 AM IST
Highlights

തുടയിലും തോളിലും രണ്ട് വെടിയുണ്ടകൾ ഏറ്റതിനാൽ ഭീകരന്ന് രക്തം ആവശ്യമായിവന്നു. പരിക്ക്  ​ഗുരുതരമായിരുന്നു. രക്ത​ഗ്രൂപ്പുമായി ചേരുന്ന മൂന്ന് സൈനികർ അംഗങ്ങൾ മൂന്ന് കുപ്പി രക്തം നൽകി.

ദില്ലി: ജമ്മു കശ്മീരിലെ രജൗരിയിലെ അതിർത്തി പോസ്റ്റിൽ ആക്രമണം നടത്താനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പാകിസ്ഥാൻ ഭീകരന് ഇന്ത്യൻ സൈനികർ രക്തം നൽകി ജീവൻ രക്ഷിച്ചു. ​​ഗുരുതരമായി പരിക്കേറ്റ ഭീകരന് സൈനികർ മൂന്ന് കുപ്പി രക്തമാണ് നൽകിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 21നായിരുന്നു ആക്രമണം. പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ സബ്‌സ്‌കോട്ട് ഗ്രാമവാസിയായ തബാറക് ഹുസൈൻ എന്ന 32 കാരനാണ് സൈന്യത്തിന്റെ പിടിയിലായത്. ഓഗസ്റ്റ് 21 ന് രാവിലെ നൗഷേരയിലെ ജങ്കാർ സെക്ടറിൽ സൈനികർ നിയന്ത്രണ രേഖക്ക് സമീപം ഭീകരരുടെ സാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞു. ഒരു ഭീകരൻ ഇന്ത്യൻ പോസ്റ്റിന് സമീപം വന്ന് വേലി മുറിക്കാൻ ശ്രമിച്ചു. ഈ സമയം സൈനികർ തിരിച്ചടിച്ചു. ഭീകരൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെടിയേറ്റ് താഴെ വീണു.  പിന്നിൽ ഒളിച്ചിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു- നൗഷേര ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ കപിൽ റാണ പറഞ്ഞു.

തുടയിലും തോളിലും രണ്ട് വെടിയുണ്ടകൾ ഏറ്റതിനാൽ ഭീകരന്ന് രക്തം ആവശ്യമായിവന്നു. പരിക്ക്  ​ഗുരുതരമായിരുന്നു. രക്ത​ഗ്രൂപ്പുമായി ചേരുന്ന മൂന്ന് സൈനികർ അംഗങ്ങൾ മൂന്ന് കുപ്പി രക്തം നൽകി. ഭീകരനെ ശസ്ത്രക്രിയ നടത്തി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ”രാജൗരിയിലെ ആർമി ആശുപത്രി കമാൻഡന്റ് ബ്രിഗേഡിയർ രാജീവ് നായർ പറഞ്ഞു. ആരോ​ഗ്യനില വീണ്ടെടുത്തുവെന്നും അപകടനില തരണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. 2016 ഏപ്രിലിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഹുസൈനും 15 വയസ്സുള്ള സഹോദരൻ ഹാറൂൺ അലിയും പിടിയിലായെങ്കിലും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 2017 നവംബറിൽ തിരിച്ചയച്ചു.

കേണൽ യൂനുസ് ചൗധരി എന്ന പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനാണ് തന്നെ അയച്ചതെന്നും ഇന്ത്യൻ പോസ്റ്റ് ആക്രമിക്കാൻ പാകിസ്ഥാൻ കറൻസിയിൽ 30,000 രൂപ നൽകിയെന്നും ഹുസൈൻ ചോദ്യം ചെയ്തവരോട് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇയാളും മറ്റ് ഭീകരരും ചേർന്ന് ഇന്ത്യൻ ഫോർവേഡ് പോസ്റ്റുകൾ തകർക്കാൻ ശ്രമിച്ചു. ഓഗസ്റ്റ് 21 ന് ആക്രമണത്തിന് ചൗധരി അവർക്ക് അനുമതി നൽകിയതായി സൈന്യം അറിയിച്ചു. രണ്ട് വർഷമായി ഹുസൈൻ പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സൈനിക പ്രസ്താവനയിൽ പറയുന്നു. നിയന്ത്രണരേഖയ്ക്ക് കുറുകെയുള്ള ലഷ്‌കർ-ഇ-തൊയ്ബ പരിശീലന ക്യാമ്പിൽ ആറാഴ്ചത്തെ പരിശീലനവും ഇയാൾക്ക് ലഭിച്ചു. 

click me!