
ഷില്ലോങ്: മേഘാലയയിൽ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും നടത്തിയ ആസൂത്രണത്തിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഭർത്താവായ രാജാ രഘുവംശിയുടെ കൊലപാതകം മുഴുവൻ ആസൂത്രണം ചെയ്തത് ഭാര്യ സോനമാണെന്ന് പൊലീസ് വ്യക്തമാക്കി. തന്‍റെ കാമുകൻ രാജിനെയടക്കം ഇതിനായി പ്രേരിപ്പിച്ചത് സോനം രഘുവംശി തന്നെയാണെന്നും പൊലീസ് പറഞ്ഞു. കാമുകൻ വഴി ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത് സോനമാണ്. തങ്ങൾ ഹണിമൂണിന് പോകുന്ന വഴിയടക്കം സോനം കാമുകനും സംഘത്തിനും അറിയിച്ചു. ക്വട്ടേഷന്‍സംഘത്തിന് പാളിച്ച പറ്റിയാല്‍ താന്‍തന്നെ കൃത്യം നടത്താമെന്ന് സോനം രഘുവംശി പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്.
താൽപ്പര്യമില്ലാതെ വീട്ടുകാരുടെ നിർബന്ധത്തിലാണ് രാജാ രഘുവംശിയെ വിവാഹം കഴിച്ചതെന്നും കാമുകനൊപ്പം പോകാൻ ആണ് കൊലപാതകം നടത്തിയതെന്നും സോനം കുറ്റസമ്മതം നടത്തി. ഹണിമൂണ്‍ യാത്രയില്‍ ഫോട്ടോയെടുക്കുന്നതിനിടെ മലമുകളില്‍നിന്ന് ഭര്‍ത്താവായ രാജാ രഘുവംശിയെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്റെ പദ്ധതിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഹോം സ്റ്റേയിൽ സോനം തന്‍റെ താലിയും(മംഗല്യ സൂത്രം), വിവാഹ മോതിരവും ഉപേക്ഷിച്ച് പോയതോടൊണ് പൊലീസിന് സംശയം തോന്നിയത്. ഹോം സ്റ്റേയിലെ പരിശോധനയിലാണ് താലിയും വിവാഹമോതിരവും പൊലീസ് കണ്ടെത്തുന്നത്.
വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രമുള്ളപ്പോൾ എങ്ങനെ യുവതി തന്‍റെ താലി ഉപേക്ഷിക്കുമെന്ന് പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സോനത്തിലേക്കെത്തുന്നത്. സോഹ്‌റയിലെ ഹോംസ്റ്റേയിൽ കണ്ടെത്തിയ സ്യൂട്ട്‌കേസിൽ നിന്നാണ് സോനത്തിന്റെ 'മംഗൾസൂത്ര'വും മോതിരവും പൊലീസിന് കിട്ടുന്നത്. രാജിന്‍റെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾ കഴിഞ്ഞാണ് സോനത്തെ പൊലീസ് പിടികൂടുന്നത്. ചോദ്യം ചെയ്യലിൽസോനം തനിക്കെതിരെ ശേഖരിച്ച തെളിവുകൾ ഹാജരാക്കിയപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞുവെന്നാണ് പുറത്ത് വരുന്ന വിവരം.
താൻ കാമുകൻ രാജ് കുശ്വാഹയുടെ സഹായത്തോടെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് സോനം കുറ്റസമ്മതം നടത്തി. ചോദ്യം ചെയ്യലിൽ രാജ് കുശ്വാഹയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വത്തടക്കം വിറ്റ് സുഖമായി ജീവിക്കാം എന്ന് കാമുകനോട് പറഞ്ഞാണ് കൊലപാതകത്തിലേക്ക് രാജിനെ കൊണ്ടു വന്നതെന്ന് പൊലീസ് പറഞ്ഞു. സോനത്തെയും മറ്റ് പ്രതികളെയും എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.