
ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസിന്‍റെ ശക്തിപ്രകടനമാക്കി മാറ്റിയാണ് കര്‍ണാടകയിലെ ഭാരത് ജോഡോ യാത്ര. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. മറ്റന്നാള്‍ സോണിയ ഗാന്ധിയും വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും യാത്രയില്‍ പങ്കെടുക്കും. കര്‍ണാടക സ്വദേശിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായതിനിടെയാണ് ഇരുവരുടെയും സന്ദര്‍ശനം. ഡി കെ , സിദ്ധരാമ്മയ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള നീക്കത്തിന്‍റെ ഭാഗം. ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് ദീർഘനാളുകളായി സോണിയ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ലായിരുന്നു.
കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും.
ഗാന്ധി ജയന്തി ദിനത്തില്‍ മൈസൂരുവില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ മഴ നനഞ്ഞും പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി ആവേശമായി. ബി ജെ പി ക്കും ആര്‍ എസ് എസ്സിനും രൂക്ഷ വിമര്‍ശനവുമായി മഴയത്ത് പ്രസംഗം കത്തികയറി. കേരളത്തില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയായിരുന്നു ജോഡോ യാത്രയെങ്കില്‍ കര്‍ണാടകയില്‍ ബി ജെ പി യെ കടന്നാക്രമിച്ചാണ് പൊതുസമ്മേളനങ്ങള്‍. കമ്മീഷന്‍ അഴിമതിയും രാഷ്ട്രീയ നിയമനങ്ങളും ഉയര്‍ത്തികാട്ടി പദയാത്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൂടി വേദിയായി. നെയ്ത്തുകാരെയും കര്‍ഷകരെയും കാണുന്ന രാഹുല്‍ മഠവും , മസ്ജിദും , പള്ളിയും സന്ദര്‍ശിക്കുന്നു. പിന്നാക്ക വോട്ടുകള്‍ക്ക് ഒപ്പം മുന്നാക്ക സമുദായത്തിന്‍റെ പിന്തുണ കൂടി ഉറപ്പാക്കാനാണ് ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam