കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ പണവും സ്വർണവും മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. പത്തൊൻപതുകാരനും പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളുമാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ പണവും സ്വർണവും മോഷ്ടിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ. കൊടുവന്താനം സ്വദേശി അജിത്ത് അനിലും പതിനേഴ് വയസുള്ള രണ്ട് വിദ്യാർത്ഥികളുമാണ് പിടിയിലായത്. വീടുകളിലും കടകളിലുമാണ് പ്രതികൾ മോഷണം നടത്തിയത്. പത്തൊൻപത്കാരൻ അജിത്ത് അനിലും പതിനേഴ് വയസുള്ള രണ്ട് വിദ്യാർത്ഥികളും ചേർന്ന് നടത്തിയ കവർച്ച പ്രൊഫഷണൽ മോഷ്ടാക്കളെ പോലും വെല്ലുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആളില്ലാത്ത വീട് നോക്കി അവിടെ നിരീക്ഷണം നടത്തിയായിരുന്നു മോഷണം. ആനക്കല്ല് ചെന്മല ഭാഗത്തുള്ള ആന്‍റണി ജോസഫ് കല്ലംമ്പള്ളിയുടെ മോഷ്ടാക്കൾ തെരഞ്ഞെടുത്തത്. മെയ് 24 രാത്രി 12 മണി. എല്ലാവരും ഉറങ്ങുന്ന സമയം. മുഖംമൂടിയും പറുദ ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. ആദ്യം വീട്ടിലെ സിസിടിവികൾ തക‍ർക്കാൻ ശ്രമിച്ചു. പിന്നീട് വീട് കുത്തിതുറന്ന അകത്ത് കയറി. വീട്ടിലുണ്ടായിരുന്ന 75000 രൂപയും മൂന്ന് പവൻ സ്വർണവും അപഹരിച്ചു. പിറ്റേദിവസം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണം പണയം വച്ചു.

തുടർന്ന് കാറിൽ മൂന്നാറിലേക്ക് വിനോദയാത്ര, മൂന്നാറും കുട്ടിക്കാനവും കുമളിയും കമ്പവും തേനിയുമെല്ലാം കറങ്ങി മൂന്ന് പേരും തിരിച്ച് കാഞ്ഞിരപ്പള്ളിയിൽ എത്തും മുമ്പേ പൊലീസ് കവർച്ച സംഘത്തെ തിരിച്ചറിഞ്ഞിരുന്നു. സങ്കേതിക തെളിവുകൾ കൂടി ഉറപ്പിച്ച് മൂന്ന് പേരേയും കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ സി കെ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം പൊക്കി. നിരവധി സിസിടിവികൾ പരിശോധിച്ചതിൽ നിന്ന് പ്രതികൾ മോഷണത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തിയതാണ് നിർണായകമായത്.

ഇതേ വാഹനത്തിൽ തന്നെയാണ് മൂവരും വിനോദയാത്ര പോയതും. കാഞ്ഞിരപ്പള്ളിയിൽ മറ്റ് ചില സ്ഥലങ്ങളിൽ മോഷണത്തിലും ഇവർക്ക് പങ്കുള്ളതായി സൂചനയുണ്ട്. മറ്റൊരു കടയിൽ മോഷണംപോയ ഇലക്ട്രിക് മോട്ടോറും പ്രതകളിലൊരാളിൽ നിന്ന് കണ്ടെത്തി. പ്രധാന പ്രതിയായ അജിത്ത് പ്രായപൂർത്തിയാകും മുമ്പ് മറ്റൊരു മോഷണ കേസിൽ പ്രതിയായിരുന്നു.