
ദില്ലി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് നാളെ അവസാനിക്കാനിരിക്കെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന കടുംപിടുത്തം തുടരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സമ്മർദ്ദത്തിലാക്കി അനുനയിപ്പിക്കാനായി സോണിയ ഗാന്ധിയുടെ വസതിയിൽ നിർണ്ണായക യോഗം ആരംഭിച്ചു. അതിനിടെ ശശി തരൂർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അറിയിച്ചു.
അധ്യക്ഷ പദവിയിലേക്ക് പ്രഥമ പരിഗണനയിലുണ്ടായിരുന്ന അശോക് ഗെലോട്ട് പങ്കെടുക്കുന്ന യോഗത്തിൽ സാന്നിധ്യമായി കെ സി വേണുഗോപാലും സോണിയയുടെ വസതിയിലെത്തിയിട്ടുണ്ട്. ഗെലോട്ടുമായുള്ള ചർച്ചക്ക് ശേഷം സോണിയ ഗാന്ധി സച്ചിൻ പൈലറ്റിനെയും കണ്ടേക്കും. ഗെലോട്ടിന് മേൽ സമ്മർദ്ദം ചെലുത്തുന്ന ഹൈക്കമാന്റ് അനുനയിപ്പിക്കാൻ ഉള്ള അവസാന ശ്രമമെന്ന നിലക്കാണ് ചർച്ച നടക്കുന്നത്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇതിന് തയ്യാറായില്ലെങ്കിൽ തങ്ങൾക്ക് മറ്റൊരു സ്ഥാനാർത്ഥിയുണ്ടെന്ന് ചൂണ്ടിക്കാട്ടാനാണ് ദിഗ് വിജയ് സിങിനെ മത്സരിക്കുന്നുവെന്ന പ്രതീതി വരുത്തി അവതരിപ്പിച്ചതെന്നാണ് സൂചന. ആശയവിനിമയത്തിലുടെ മഞ്ഞുരുക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
ഭാരത് ജോഡോ യാത്ര കേരളം വിട്ടു; നാടുകാണി ചുരം വഴി രാഹുല്‍ ഗാന്ധി ഗൂഡല്ലൂരിലേക്ക്
അതേ സമയം,നാളെ 12:15 ന് ശശി തരൂർ നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് ആസ്ഥാനത്ത് എത്തിയാണ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കുക. നാളെ പത്രിക നൽകുമെന്ന് ദിഗ് വിജയ് സിംഗും ഇതിനോടം വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കാൻ വേണ്ടിയാണ് താൻ നാമനിർദേശ പത്രിക വാങ്ങുന്നതെന്ന് വ്യക്തമാക്കിയ ദിഗ് വിജയ് സിങ്, ഹൈക്കമാന്റ് പ്രതിനിധിയാണോ എന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നാണ് മറുപടി നൽകിയത്. നിലവിലെ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന റിപ്പോർട്ടുകളെ തള്ളാതെയുള്ള പ്രതികരണമായിരുന്നു ദിഗ്‌വിജയ് സിംഗിന്റേത്. ആരൊക്കെ മത്സരിക്കുമെന്ന കാര്യമറിയാൻ നാളെ വരെ കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജസ്ഥാനിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇന്ന് വൈകിട്ടോടെ ഔദ്യോഗിക സ്ഥാനാർത്ഥിയാരാകുമെന്ന് വ്യക്തമായേക്കും.
പിന്നാലെ പവൻ കുമാർ ബൻസാലും ആൻറണിയെ കാണാനെത്തി. ബെൻസാല്‍ ആർക്ക് വേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയെന്ന ചോദ്യം അവശേഷിക്കെ താൻ പിന്താങ്ങുന്നതിനായി മാത്രമാണ് പത്രിക വാങ്ങിയതെന്ന് ബെൻസാല്‍ മാധ്യമങ്ങളോട്പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്നാണ് സോണിയഗാന്ധി അടുപ്പമുള്ള നേതാക്കളോട് അറിയിച്ചു. അതേസമയം കേരളത്തില്‍ നിന്ന് ദില്ലിയെലെത്തുന്ന ദിഗ്‍വിജയ് സിങും മത്സരത്തിനായി നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. ഗെലോട്ടിന്‍റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ നേതൃത്വം പരിഗണിക്കുന്നതിലൊരാള്‍ ദിഗ്‍വിജയ സിങാണ്.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരിക്കാനുറച്ച് ദിഗ്‌വിജയ് സിംഗ്, നാമനിർദ്ദേശ പത്രിക വാങ്ങും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam