Asianet News MalayalamAsianet News Malayalam

ഭാരത് ജോഡോ യാത്ര കേരളം വിട്ടു; നാടുകാണി ചുരം വഴി രാഹുല്‍ ഗാന്ധി ഗൂഡല്ലൂരിലേക്ക്

പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് കേരളത്തിലെ പര്യടനം പൂർത്തിയാക്കിയത്.

bharat jodo yatra completed its kerala tour and headed to karnataka
Author
First Published Sep 29, 2022, 10:06 AM IST

മലപ്പുറം: കോൺ​ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം പൂർത്തിയായി. 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം. ഇന്ന് രാവിലെ 6.30 തിന് നിലമ്പൂർ ചുങ്കത്തറയിൽ നിന്നും ആരംഭിച്ച യാത്ര വഴിക്കടവ് വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്. പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് കേരളത്തിലെ പര്യടനം പൂർത്തിയാക്കിയത്. യാത്രയിലെ വൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്.

കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺ​ഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺ​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പി ആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.

കേരളത്തിൽ എത്തിയപ്പോൾ മുതൽ സിപിഎം പരിഹാസവും വിമര്‍ശനവും ഉയർത്തിയെങ്കിലും മുഖ്യ എതിരാളിയായി ബിജെപിയെ എടുത്ത് പറഞ്ഞായിരുന്നു രാഹുൽ മുന്നോട്ട് പോയത്. പാർട്ടിയെ ശക്തിപ്പെടുത്താൻ 483 കിലോമീറ്റര്‍ പിന്നിട്ട യാത്രാ സഹായിച്ചെന്നാണ് കോൺഗ്രസ്  വിലയിരുത്തൽ. എന്നാൽ, യാത്രക്കിടെ ദേശീയ തലത്തിൽ പാർട്ടി നേരിട്ടത് കടുത്ത പരീക്ഷണങ്ങളാണ്. ​ഗോവയിൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്  ചേക്കേറിയതിന്റെ ക്ഷീണം മാറും മുമ്പാണ് അധ്യക്ഷ സ്ഥാന പ്രതിസന്ധിയിൽ പാർട്ടി ആടിയുലഞ്ഞത്.

സംഘടന തലത്തിലെ പല ഒത്തുതീർപ്പ് ചർച്ചകളും ജോഡ‍ോ യാത്രക്കിടെ തന്നെ നടന്നു. കോൺ​ഗ്രസിന് ഇപ്പോഴും അടിവേരുകൾ ഉള്ള കേരളത്തിൽ നിന്ന് പാർട്ടി ഏറ്റവുമധികം പ്രതിസന്ധികൾ നേരിടുന്ന സംസ്ഥാനങ്ങളിലേക്കാണ് രാഹുൽ ​ഗാന്ധി ഇനി പോകുന്നത്. ഇതിനൊപ്പം ആരാകും അധ്യക്ഷൻ? രാജസ്ഥാനിലെ പ്രതിസന്ധി തീരുമോ? തുടങ്ങി നിരവധി ചോദ്യങ്ങൾക്കും ഉത്തരം വരേണ്ടിയിരിക്കുന്നുമുണ്ട്. എന്നിരുന്നാലും യാത്ര കശ്മീരിൽ എത്തുമ്പോഴേക്കും കോൺഗ്രസ് പഴയ കോൺഗ്രസ് ആകില്ലെന്നാണ് നേതൃത്വം പറയുന്നത്.

Follow Us:
Download App:
  • android
  • ios