
ദില്ലി: കോണ്‍ഗ്രസിന്‍റെ (Congress) കൂട്ടത്തോല്‍വിക്ക് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി (Sonia Gandhi). യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷൻമാർ രാജിവെക്കണമെന്നാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. സോണിയയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ ഉത്തരാഖണഡ് പിസിസി അധ്യക്ഷന്‍ രാജിവച്ചു. അതിനിടെ, കപിൽ സിബസിബൽ കോൺഗ്രസ് പാരമ്പര്യമുള്ളയാളല്ലെന്ന് അശോക് ഗലോട്ട് വിമര്‍ശിച്ചു. അതേസമയം, നേതൃമാറ്റമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്ന ഗ്രൂപ്പ് 23 നാളെ വിശാല യോഗം ചേരും.
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ആദ്യം തെറിച്ചത് നവജ്യോത് സിംഗ് സിദ്ദു ഉള്‍പ്പെടെ അഞ്ച് സംസ്ഥാന അധ്യക്ഷന്മാര്‍. സോണിയ ഗാന്ധിയുടെ തീരുമാനം പരസ്യമാക്കിയത് കെ സി വേണുഗോപാലിന് പകരം രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ്. തെരഞ്ഞെടുപ്പ് കാലത്ത് സംഘടനയെ ചലിപ്പിക്കാത്തതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം പിസി അധ്യക്ഷന്മാര്‍ക്കാണെന്ന പ്രവര്‍ത്തക സമിതി വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ച് പേരെയും പുറത്താക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന. അച്ചടക്ക നടപടികളിലേക്ക് കടന്നാലും നേതൃമാറ്റമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഗ്രൂപ്പ് 23ന്‍റെ നിലപാട്.
നിര്‍ണ്ണായക നീക്കവുമായി നാളെ രാത്രി 7 മണിക്ക് യോഗം ചേരുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് തീരുമാനം. ഗാന്ധി കുടുംബത്തോടും, കെ സി വേണുഗോപാലിനോടും അമര്‍ഷമുള്ള കേരളത്തില്‍ നിന്നുള്ള ചില നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യവ്യാപകമായേക്കാവുന്ന വിമത നീക്കത്തെ കുറിച്ചുള്ള കൃത്യമായ സന്ദേശം നല്‍കി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ തന്നെയാണ് തീരുമാനം. ഈ നീക്കം ശരി വക്കുന്നതായി ഗാന്ധി കുംടംബം നേതൃത്വത്തില്‍ നിന്ന് മാറി മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കണമെന്ന കപില്‍ സിബലിന്‍റെ പ്രതികരണം.എന്തധികാരത്തിലാണ് പ്രസിഡന്‍റല്ലാത്ത രാഹുല്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിബല്‍ ചോദിച്ചു. പാര്‍ട്ടിയുടെ എബിസിഡി അറിയില്ലെന്ന് തിരിച്ചടിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനുമായ അശോക് ഗലോട്ട് സിബലിനെ തള്ളി പറഞ്ഞു.
അഞ്ചിലങ്കത്തിൽ തവിടു പൊടി; ആരുടെ കയ്യിലാണ് കോൺഗ്രസിൻ്റെ ഭാവി?
അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തോടെ പ്രതിപക്ഷത്തെ നയിക്കാൻ അവകാശവാദമുന്നയിക്കാൻ പോലും കെൽപ്പില്ലാതെയാവുകയാണ് കോൺഗ്രസിന്. ഭരിച്ചതിൻറെയും നയിച്ചതിൻറെയും തഴമ്പ് മാത്രം ബാക്കിയാകുന്ന പാർട്ടിയായി ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമല്ലാതാകുന്നു കോൺഗ്രസ്.
പാർട്ടി സ്ഥാപക ദിനത്തിൽ പാർട്ടി ആസ്ഥാനത്ത് പാർട്ടി പ്രസിഡന്റ് ഉയർത്തിയ പാർട്ടി പതാക താഴേക്ക് പതിച്ചത് കോൺഗ്രസിന്റെ വർത്തമാനകാല യാഥാർത്ഥ്യമെന്ന് കളിയാക്കിയവരുണ്ട്. അഞ്ചിലങ്കം കഴിയുമ്പോൾ അതൊന്നുകൂടി അച്ചട്ടാകുന്നു.ഉലയുന്ന കൊടിമരവും ഊർന്നുവീഴുന്ന പതാകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആ പാർട്ടിയുടെ അടയാളമാകുന്നു.
ഭരണത്തിലിരുന്ന് വേരൂന്നിയ ബിജെപിയെന്ന വടവൃക്ഷത്തെ തെല്ലനക്കാനെങ്കിലും മുന്നിൽ നിന്ന് നയിക്കാമെന്ന് കോൺഗ്രസിന് ഇനിയും പറയാനാകുമോ?വീണ്ടും വീണ്ടും തോൽക്കുന്നൊരു പാർട്ടിയുടെ പിന്നിൽ അണിനിരക്കാൻ അവരോടൊപ്പമുളളവരും മടിക്കും. ബഹുസ്വര ഇന്ത്യയുടെ കാവലിന് കോൺഗ്രസ് തന്നെ വേണമെന്ന തോന്നൽ സ്റ്റാലിനും പവാറുമെല്ലാം മറക്കുക കൂടി ചെയ്താൽ പൂർണം. വിശാല പ്രതിപക്ഷ ഐക്യത്തിന് തന്നെ ചിതയൊരുക്കുന്ന വീഴ്ചയാകുന്നു കോൺഗ്രസിൻറേത്.
എന്തിലൂന്നണം, എങ്ങനെ വോട്ടുചോദിക്കണം എന്നതിൽ കോൺഗ്രസിൻറെ ധാരണകളൊക്കെ തെറ്റി. അടവുമാറ്റങ്ങൾ ജനം തളളി. ഭരണവിരുദ്ധ വികാരത്തിൻറെ ആനുകൂല്യം മുതലെടുക്കാനായില്ല. തലമാറ്റ പരീക്ഷണങ്ങളിൽ, കയ്യിലുളളതും പോയി.സംഘടനാപരമായും രാഷ്ട്രീയമായും എത്രത്തോളം ദയനീയമാണ് കോൺഗ്രസിൻറെ അവസ്ഥയെന്ന് ഒരു തെരഞ്ഞെടുപ്പ് കൂടി സാക്ഷ്യപ്പെടുത്തുന്നത്.