
ദില്ലി: സോണിയ ഗാന്ധിക്കെതിരായ (Sonia Gandhi) ഇ ഡി (Enforcement Directorate) നടപടിക്കെതിരെ രാജ്ഘട്ടിൽ പ്രതിഷേധിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി. രാജ്ഘട്ടിൽ പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെ എ ഐ സി സി ആസ്ഥാനത്ത് (AICC Headquarters) പ്രതിഷേധിക്കാൻ നേതാക്കൾ തീരുമാനിച്ചിരിക്കുകയാണ്.
നാഷണൽ ഹെറാൾഡ് കേസില്‍ (National Herald Case) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധം. നാളെ രാജ്യവ്യാപക സത്യാഗ്രഹ സമരത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തത്. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം. ദില്ലിയിലെ സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതിയംഗങ്ങളുൾപ്പടെയുള്ളവർ പങ്കെടുക്കും. സമരം സമാധാനപരമായി നടത്താനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്ഘട്ടിനെ സമരത്തിന്റെ പ്രധാന വേദിയാക്കാനുള്ള തീരുമാനം. എന്നാൽ ദില്ലി പൊലീസ് അനുമതി നിഷേധിച്ചതോടെ വേദി മാറ്റുകയായിരുന്നു.
കേസില്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് രണ്ട് മണിക്കൂര്‍ നേരം മാത്രമാണ് സോണിയയെ ചോദ്യം ചെയ്തത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്.
കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട് ഇഡി ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ചോദിച്ചിരുന്നു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam