Asianet News MalayalamAsianet News Malayalam

സൂചന നല്‍കി മുന്‍മുഖ്യമന്ത്രി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ത്രികോണ മത്സര സാധ്യത 

എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും നാമനിര്‍ദേശ പത്രിക നല്‍കുന്ന അവസാവ ദിവസമായ 30 വരെ കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Digvijaya Singh will contest congress president post
Author
First Published Sep 21, 2022, 5:59 PM IST

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്.  മത്സരിക്കാൻ തനിക്കും യോഗ്യതയുണ്ടെന്നും ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്നും മുപ്പതാം തീയതി വരെ കാത്തിരിക്കൂവെന്നും ദിഗ് വിജയ് സിംഗ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മത്സരിച്ചേക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷനായി ചുമതലയേറ്റാൽ അശോക് ഗെഹ്‌ലോട്ടിന് രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്നും ദിഗ് വിജയ് സിംഗ് പറ‌ഞ്ഞു. 

എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും നാമനിര്‍ദേശ പത്രിക നല്‍കുന്ന അവസാവ ദിവസമായ 30 വരെ കാത്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കാന്‍ ഗാന്ധി കുടുംബത്തില്‍നിന്നാരുമില്ലെന്നത് ആശങ്കപ്പെടേണ്ട കാര്യമല്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരിക്കാനുള്ള അവകാശമുണ്ട്. ഒരാൾക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ അവരെ മത്സരിപ്പിക്കാൻ നിർബന്ധിക്കാനാവില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. 

2019ലെ ദേശീയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് ശേഷം രാജിവെച്ച രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.  രാഹുൽ ഗാന്ധിയെ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ മാത്രമേ മത്സരിക്കൂവെന്ന് അശോക് ഗെലോട്ട് പറഞ്ഞിരുന്നു. 

നരസിംഹ റാവു, സീതാറാം കേസരി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നുവെന്നും ദിഗ് വിജയ് സിംഗ് ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി കോൺഗ്രസിന്‍റെ പ്രത്യേക മുഖമല്ലെന്നും  കന്യാകുമാരി മുതൽ കശ്മീരിലേക്ക് കാൽനടയായി പോകുന്ന 119 യാത്രികരിൽ ഒരാളാണ് അദ്ദേഹമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. 

എന്നാല്‍, അധ്യക്ഷനായാലും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കില്ലെന്ന സൂചനയാണ് ഗെലോട്ട് നല്‍കുന്നത്. ഉദയ്പൂരിൽ നടന്ന ചിന്തന്‍ശിബിറില്‍  'ഒരാൾ, ഒരു സ്ഥാനം' എന്ന   നയം കോൺഗ്രസ് അംഗീകരിച്ചിരുന്നെങ്കിലും ഒന്നല്ല മൂന്ന് പദവികൾ തനിക്ക് വഹിക്കാനാകുമെന്ന് ഗെലോട്ട് പറഞ്ഞു. മുഖ്യമന്ത്രി പദം ഉപേക്ഷിച്ചാല്‍ പകരം സച്ചിന്‍ പൈലറ്റ് സ്ഥാനമേറ്റെടുക്കുമെന്നാണ് ഗെലോട്ടിന്‍റെ ആശങ്ക. 

ഭാരത് ജോഡോ യാത്രാ പ്രചാരണ ബോർഡിൽ സവർക്കർ, മണ്ഡലം പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

Follow Us:
Download App:
  • android
  • ios