മഹാസഖ്യം തകർന്നെങ്കിലും മായാവതിയോട് ഇപ്പോഴും ബഹുമാനം: അഖിലേഷ് യാദവ്

By Web TeamFirst Published Jun 5, 2019, 2:56 PM IST
Highlights

ഉത്തർപ്രദേശിലെ ബദ്ധവൈരികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ യോജിച്ചു. ഇപ്പോൾ അഖിലേഷും മായാവതിയും പുറമേയ്ക്ക് സൗമ്യസ്വരത്തിലാണ് ഉപചാരം ചൊല്ലി പിരിയുന്നതെങ്കിലും ഇരുപക്ഷത്തുനിന്ന് വീണ്ടും നേർക്കുനേർ പോരിനൊരുങ്ങുകയാണ്.

ലക്നൗ: ഒടുവിൽ ഉത്തർപ്രദേശിലെ എസ്‍പി, ബിഎസ്‍പി മഹാസഖ്യം തകർന്നു. സഖ്യത്തിൽ നിന്ന് പിന്മാറുകയാണെന്നും ഉപതെരഞ്ഞെടുപ്പിൽ എസ്‍പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അഖിലേഷ് യാദവിന്‍റെ പ്രഖ്യാപനം. സഖ്യത്തിൽ നിന്ന് പിന്മാറുകയാണെങ്കിലും മായാവതിയോടുള്ള ബഹുമാനം ഇപ്പോഴുമുണ്ടെന്നാണ് അഖിലേഷ് യാദവിന്‍റെ നിലപാട്. മഹാഗഡ്ബന്ധനിൽ നിന്ന് പിന്മാറിക്കൊണ്ട് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞതിങ്ങനെ, "ചില പരിശ്രമങ്ങളിൽ നിങ്ങൾ പരാജയപ്പെടും, പക്ഷേ നിങ്ങളുടെ ബലഹീനതകളെ അത് വെളിവാക്കിത്തരും. ഇരുവഴിക്ക് നീങ്ങാനാണ് ജനങ്ങളുടെ തീരുമാനമെങ്കിൽ അത് അംഗീകരിക്കുന്നു, എല്ലാവർക്കും നന്മകൾ നേരുന്നു" 

എൻഡിഎക്കെതിരെ ഉത്തർപ്രദേശിൽ വൻ ശക്തിയായി മാറും എന്ന് പ്രതീക്ഷിക്കപ്പെട്ട എസ്‍പി, ബിഎസ്‍പി സഖ്യം ദയനീയ പരാജയമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയത്. 50 സീറ്റിന് മുകളിൽ പ്രതീക്ഷിച്ച സഖ്യം 15 സീറ്റിലൊതുങ്ങി. ബിഎസ്‍പി പതിനഞ്ച് സീറ്റും എസ്‍പി അഞ്ച് സീറ്റും മാത്രമാണ് നേടിയത്. യാദവ വോട്ടുകൾ ഉറപ്പിക്കാൻ എസ്‍പിക്ക് ആയില്ലെന്നും സ്വന്തം കുടുംബത്തിലെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ പോലും അഖിലേഷ് പരാജയപ്പെട്ടു എന്നുമായിരുന്നു മായാവതിയുടെ വിമർശനം. ഉപതെരഞ്ഞെടുപ്പിൽ ബിഎസ്‍പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ദേശീയ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയ മായാവതി എസ്‍പിയുമായുള്ള സഖ്യം സ്ഥിരമായി വേർപെടുത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു. സഖ്യത്തിൽ നിന്നും മായാവതി പിന്മാറുന്നതിനെക്കുറിച്ച് അറിയില്ല എന്നായിരുന്നു അഖിലേഷിന്‍റെ ആദ്യ പ്രതികരണം.

തുടർന്ന് മഹാസഖ്യം എന്ന പരീക്ഷണം വിജയിച്ചില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ എസ്‍പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അഖിലേഷ് യാദവും പ്രഖ്യാപിച്ചു. എന്നാൽ മായാവതിയോട് ഇപ്പോഴും ബഹുമാനം തന്നെയാണെന്നും അഖിലേഷ് പറയുന്നു. ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഖിലേഷ് യാദവുമായും അദ്ദേഹത്തിന്‍റെ ഭാര്യ ഡിംപിളുമായും താൻ നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് മായാവതിയും പറഞ്ഞിരുന്നു. എന്നാൽ അഖിലേഷ് യാദവുമായി തെറ്റിപ്പിരിഞ്ഞ മുൻ എസ്‍പി നേതാവ് ശിവ്‍പാൽ യാദവും, കോൺഗ്രസും മഹാസഖ്യത്തിന്‍റെ യാദവ വോട്ടുബാങ്കിൽ വിള്ളൽ വീഴ്‍ത്തിയെന്നാണ് മായാവതിയുടെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ അവർ തീരുമാനിച്ചത്. 

മഹാസഖ്യത്തിന് അനുകൂലമായ മനോനിലയിലേക്ക് എസ്‍പി അണികളെ മാറ്റിത്തീർക്കാനായാൽ അഖിലേഷുമായി വീണ്ടും സഹകരിക്കാമെന്നാണ് മായാവതി നിലപാടെടുത്തത്. പക്ഷേ ഉപതെരഞ്ഞെടുപ്പിനായി മാത്രമല്ല, 2022ൽ വരാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിലും മത്സരിക്കാൻ തയ്യാറാകാൻ മായാവതി ബിഎസ്‍പി അണികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. പക്ഷേ മായാവതിയുടെ 'സൗമ്യമായ സമ്മർദ്ദ തന്ത്രത്തിന്' നിന്നുകൊടുക്കാനില്ല എന്ന നിലപാടെടുത്തുകൊണ്ടാണ് അഖിലേഷ് സഖ്യം വേർപെടുത്തി പുറത്തേക്ക് പോവുന്നത്.

ഏതാനം ആഴ്ച മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മായാവതിയെ 'ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി' എന്നുവരെ അഖിലേഷ് വിശേഷിപ്പിച്ചതാണ്. മഹാസഖ്യത്തിന്‍റെ തോൽവിക്ക് ശേഷവും അഖിലേഷ് യാദവ് പറഞ്ഞത് സഖ്യം 2022 നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ്. മായാവതിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കാൻ പിന്തുണയ്ക്കാമെന്നായിരുന്നു അഖിലേഷുമായുള്ള ബിഎസ്‍പിയുടെ ധാരണ. ഇതിന് പകരമായി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷിനെ മായാവതി സഹായിക്കുമെന്നും ധാരണയുണ്ടായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മഹാസഖ്യത്തിന്‍റെ രാഷ്ട്രീയ കണക്കുകൂട്ടലുകളെയെല്ലാം കീഴ്മേൽ മറിച്ചു. 

ഉത്തർപ്രദേശിലെ ബദ്ധവൈരികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ യോജിച്ചു. മുലായം സിംഗ് യാദവും മായാവതിയും ദീർഘകാലത്തിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഒരുപക്ഷത്ത് നിന്ന് വേദി പങ്കിട്ടു. ഇപ്പോൾ അഖിലേഷും മായാവതിയും പുറമേയ്ക്ക് സൗമ്യസ്വരത്തിലാണ് ഉപചാരം ചൊല്ലി പിരിയുന്നതെങ്കിലും ഇരുപക്ഷത്തുനിന്ന് വീണ്ടും ഉപതെരഞ്ഞെടുപ്പുകളിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും നേർക്കുനേർ പോരിന് ഒരുങ്ങുകയാണ്.

click me!