
ദില്ലി: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയും വൈദികനും തമ്മിലുള്ള സംഭാഷണം വിവാദമാക്കി ബിജെപി. വിദ്വേഷ പ്രസംഗത്തെതുടർന്ന് നേരത്തെ അറസ്റ്റിലായ കന്യാകുമാരിയിലെ വൈദികന്‍ ജോർജ് പൊന്നയ്യയുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോയാണ് ബിജെപി നേതാക്കൾ പങ്കുവച്ചത്. രാഹുല്‍ ആദ്യം ചരിത്രം പഠിക്കണമെന്ന പരിഹാസവുമായി അമിത്ഷായും യാത്രക്കെതിരെ ആഞ്ഞടിച്ചു. രാഹുലും വൈദികനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ 'ജീസസ് ഒരേയൊരു ദൈവമെന്ന്' വൈദികന്‍ പറഞ്ഞിരുന്നു. സംഭാഷണത്തിന്റെ വീഡിയോ ബിജെപി പ്രചരിപ്പിച്ചു
ഭാരത് ജോഡോ യാത്ര നാലാം ദിവസം പിന്നിട്ട് കേരളത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ വീഡിയോ ബിജെപി ആയുധമാക്കുന്നത്. കന്യാകുമാരിയില്‍വച്ചാണ് രാഹുല്‍ വൈദികനുമായി കൂടികാഴ്ച നടത്തിയത്. യേശുക്രിസ്തുവാണ് ഏക ദൈവമെന്നാണ് വീഡിയോയില്‍ രാഹുലിനോട് വൈദികന്‍ പറയുന്നത്. കന്യാകുമാരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനനായക ക്രൈസ്തവ പേരവൈ സംഘടനയിലെ അംഗവും വൈദികനുമായ ജോർജ് പൊന്നയ്യ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പ്രസംഗത്തെ തുടർന്ന് അറസ്റ്റിലായിരുന്നു. വിഡീയോ ബിജെപി നേതാക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ പോകാന്‍ സമയമില്ലാത്ത രാഹുലിന് ഹിന്ദു വിരുദ്ധരുമായി കൂടിക്കാഴ്ച നടത്താന്‍ സമയമുണ്ടെന്നും ബിജെപി നേതാക്കൾ ട്വീറ്റ് ചെയ്തു. പിന്നാലെ മറുപടിയുമായി ജയറാം രമേശ് രംഗത്തെത്തി. കൂടിക്കാഴ്ചയുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോയാണ് പ്രചരിക്കുന്നത്. ഭാരത് ജോഡോ യാത്രക്ക് കിട്ടുന്ന സ്വീകാര്യത കണ്ടാണ് ബിജെപി സ്ഥിരം വിദ്വേഷ പ്രചാരണം തുടങ്ങിയിരിക്കുന്നതെന്നും ജയറാം രമേശ് തിരിച്ചടിച്ചു. ഇന്ന് രാജസ്ഥാനില്‍ നടന്ന പൊതുയോഗത്തിൽ അമിത് ഷായും രാഹുലിനെ പരിഹസിച്ചു. ഭാരത് ജോഡോ യാത്ര നടത്തുന്നതിന് മുന്‍പ് രാഹുല്‍ ഇന്ത്യയുടെ ചരിത്രം പഠിക്കണമെന്നും, വിദേശ നിർമിത് ടീഷർട്ടിട്ടാണ് രാഹുല്‍ ഭാരതത്തെ ഒന്നിപ്പിക്കാന്‍ യാത്ര നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു. വിദ്വേഷ വിഷയങ്ങൾ എത്ര ഉന്നയിച്ചാലും ജനങ്ങളുടെ അടിസ്ഥാനവിഷയങ്ങൾ ഉയർത്തുന്നത് തുടരുമെന്ന മറുപടിയാണ് കോൺഗ്രസ് നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam