
ബെംഗളൂരു: കർണാടക ബിജെപി എംഎൽഎ ഗാലി ജനാർദ്ദന റെഡ്ഡിക്ക് തിരിച്ചടി. ആന്ധ്രയിലെ അനധികൃത ഖനന കേസിൽ ഗാലി ജനാർദ്ദന കുറ്റക്കാരനെന്ന് ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതി വിധിച്ചിരിക്കുകയാണ്. ആന്ധ്രയിലെ അനന്തപൂർ ജില്ലയിൽ ഒബുലാപുരം എന്ന സ്ഥലത്ത് എംഎൽഎ സ്ഥാപിച്ച ഖനന കമ്പനി ചട്ട വിരുദ്ധമായാണ് ഖനന അനുമതി നേടിയെടുത്തത് എന്നാണ് കോടതിയുടെ കണ്ടെത്തൽ.
2009 ലാണ് വിഷയത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജനാർദ്ദന റെഡ്ഡിക്ക് നാല് മണ്ഡലങ്ങളിലായി നൂറ് കണക്കിന് ഹെക്ടർ ഭൂമിയിൽ ചട്ടം ലംഘിച്ച് ഖനനത്തിന് അനുമതി കിട്ടിയത്. ഈ ഭൂമിക്ക് പുറമെ സംരക്ഷിത വന മേഖലയിൽ കൂടി കടന്ന് കയറി റെഡ്ഡിയുടെ ഒഎംസി എന്ന കമ്പനി ഖനനം നടത്തി എന്നും സിബിഐ കണ്ടെത്തിയിരുന്നു.
കോടതിയുടെ വിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ഗാലി ജനാർദ്ദന റെഡ്ഡിക്ക് എംഎൽഎ സ്ഥാനം നഷ്ടമായേക്കും കർണാടകയിൽ അടക്കം നിരവധി ഖനന കേസുകളിൽ പ്രതിയായ റെഡ്ഡി യെദിയൂരപ്പ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാൾ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം