ഡി കെ ശിവകുമാറിന് വീണ്ടും തിരിച്ചടി; കസ്റ്റ‍ഡി കാലാവധി 15 വരെ നീട്ടി

By Web TeamFirst Published Oct 1, 2019, 4:14 PM IST
Highlights

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സെപ്തംബർ മൂന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ഡി.കെ.ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്

ദില്ലി:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 15 വരെ പ്രത്യേക കോടതി നീട്ടി. കോൺഗ്രസ് നേതാവിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയതിനെത്തുടർന്ന് സെപ്റ്റംബർ 26 ന് ശിവകുമാർ ജാമ്യത്തിനായി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളിയ കോടതി ഒക്ടോബർ ഒന്ന് വരെ ശിവകുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സെപ്തംബർ മൂന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ഡി.കെ.ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. 

ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു സെപ്റ്റംബര്‍ മൂന്നിന് ശിവകുമാറിനെ എന്‍ഫോഴ്‍സ്‍മെന്‍റ് അറസ്റ്റ് ചെയ്തത്. കർണാടകത്തിൽ ജെഡിഎസ് - കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി.കെ.ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയായിരുന്നു അറസ്റ്റ്.

നിലവിൽ തീഹാർ ജയിലിലാണ് ശിവകുമാർ ഉള്ളത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദില്ലി ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവകുമാറിനെ സെപ്റ്റംബര്‍ 19 നാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. ഏഴാം നമ്പർ ജയിലിലെ രണ്ടാം വാർഡിലാണ് ശിവകുമാർ കഴിയുന്നത്. ജയിലിൽ കഴിയുന്ന ശിവകുമാറിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, ഡി കെ സുരേഷ് എന്നിവരാണ് തിഹാറിലെ ജയിലിലെത്തി അദ്ദേഹത്തെ കണ്ടത്. ശിവകുമാറിനോട് ചെയ്യുന്നത് നീതിയല്ലെന്നാണായിരുന്ന സന്ദര്‍ശനത്തിന് ശേഷം ആനന്ദ് ശര്‍മ പ്രതികരണം. 

click me!