
റാഞ്ചി: ജാർഖണ്ഡിൽ വൻ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നതായി റിപ്പോർട്ട്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ എന്നിവർ മുതിർന്ന ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ഇരുവരും ദില്ലിയിൽ തുടരുകയാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ തഴഞ്ഞതിൽ അടക്കം ഹേമന്ത് സോറൻ കടുത്ത അതൃപ്തി പരസ്യമാക്കിയിരുന്നു. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 31 എംഎൽഎമാരാണ് ജെഎംഎമ്മിനുള്ളത്. കോൺഗ്രസ് 16, ആർജെഡി- 4, ഇടത്- 2 എന്നിങ്ങനെയാണ് കക്ഷി നില. 21 സീറ്റുള്ള ബിജെപിയാണ് മുഖ്യ പ്രതിപക്ഷം. എൽജെപിക്കും എജെഎസ്‌യുവിനും ജെഡിയുവിനും ഓരോ സീറ്റുകൾ വീതമുണ്ട്.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുണ്ടായ അതൃപ്തിക്ക് പിന്നാലെയാണ് ഈ നീക്കമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. 16 സീറ്റുകളിൽ മത്സരിക്കാനാണ് ജെഎംഎം ആഗ്രഹിച്ചത്. എന്നാൽ അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നതോടെ തനിച്ച് മത്സരിക്കുമെന്ന് ജെഎംഎം പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുന്നതിലൂടെ വികസനം, അന്തരിച്ച ജെഎംഎം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന് ഭാരതരത്നം നൽകുന്ന കാര്യം പരിഗണിക്കുക മുതലായ ലക്ഷ്യങ്ങളും ഇരുവരുടെയും സന്ദർശനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. അതിനിടെ ഹേമന്ത് സോറനെതിരായ ഇഡി കേസുകളും പുതിയ നീക്കത്തിന് കാരണമായിട്ടുണ്ടാകാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നിലവിലെ നിയമം അനുസരിച്ച് മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടാൽ 31-ാം ദിവസം സ്ഥാനമൊഴിയണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam